ഡിജെ പാര്‍ട്ടി രാത്രി 10 മണി വരെ മാത്രം; ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി പോലീസ്

 | 
DJ Party

സംസ്ഥാനത്ത് ന്യൂ ഇയര്‍ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം. ഡിജെ പാര്‍ട്ടികള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഡിജെ പാര്‍ട്ടികള്‍ രാത്രി 10 മണി വരെ മാത്രമേ നടത്താന്‍ അനുവാദമുള്ളു. ഇത്തരം പാര്‍ട്ടികളില്‍ വന്‍തോതില്‍ ലഹരി മരുന്ന് ഉപയോഗം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഡിജിപി കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഡിജെ പാര്‍ട്ടികള്‍ നടക്കുന്ന ഹോട്ടലുകളില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് നിരീക്ഷണമുണ്ടാകും. പാര്‍ട്ടികള്‍ നടക്കുന്ന ഹോട്ടലുകളില്‍ സിസിടിവി ക്യാമറകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ഇവയിലെ ദൃശ്യങ്ങള്‍ സൂക്ഷിക്കണമെന്നും പോലീസ് നിര്‍ദേശിച്ചു. ഹോട്ടല്‍ നടത്തിപ്പുകാര്‍ക്ക് ഇതു സംബന്ധിച്ച് നോട്ടീസ് നല്‍കും.

സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗം വ്യാപകമായതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം. തിരുവനന്തപുരം പൂവാര്‍ റിസോര്‍ട്ടിലും കൊച്ചിയില്‍ മോഡലുകള്‍ അപകടത്തില്‍ മരിച്ച സംഭവത്തിന് മുന്‍പ് ഫോര്‍ട്ടുകൊച്ചിയിലെ ഹോട്ടലിലും നടന്ന പാര്‍ട്ടികളില്‍ ലഹരി മരുന്ന് ഉപയോഗം നടന്നതായി കണ്ടെത്തിയിരുന്നു. പൂവാറില്‍ വന്‍ ലഹരി മരുന്ന് ശേഖരമാണ് പോലീസ് കണ്ടെത്തിയത്.