'അയ്യോ അച്ഛാ പോകല്ലേ' എന്ന് പറയേണ്ട; ഗവര്‍ണര്‍ ചാന്‍സലര്‍ സ്ഥാനമൊഴിഞ്ഞാല്‍ മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് എസ്എഫ്‌ഐ

 | 
VP Sanu

ഗവര്‍ണര്‍ ചാന്‍സലര്‍ പദവി ഒഴിഞ്ഞാല്‍ അത് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് എസ്എഫ്‌ഐ. ഗവര്‍ണര്‍ തന്നെ ചാന്‍സലറായി ഇരിക്കണമെന്ന് ആര്‍ക്കാണ് നിര്‍ബന്ധമുള്ളതെന്ന് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു ചോദിച്ചു. ചാന്‍സലര്‍ പദവി ഒഴിയുമെന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം ചാന്‍സലറായി ഇരിക്കണമെന്ന് ആര്‍ക്കാണ് നിര്‍ബന്ധമുള്ളത്. അദ്ദേഹം അല്ലെങ്കില്‍ മറ്റൊരാള്‍. അത് മുഖ്യമന്ത്രിയോ അല്ലെങ്കില്‍ മറ്റൊരെങ്കിലുമോ എന്ന് നിയമസഭ തീരുമാനിക്കട്ടെയെന്നും സാനു പറഞ്ഞു.

കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ അടിക്കാനുള്ള വടിയായി, ബിജെപിയുടേയും കോണ്‍ഗ്രസിന്റെയും കളിപ്പാവയായി ഗവര്‍ണര്‍ മാറരുത്. ഗവര്‍ണര്‍ തന്നെയായിരിക്കണം സംസ്ഥാനത്തെ യൂണിവേഴ്സിറ്റികളുടെ എല്ലാം ചാന്‍സലര്‍ എന്ന് ഭരണഘടനയില്‍ പറഞ്ഞിരിക്കുന്നതൊന്നുമല്ലല്ലോ? അത്തരത്തിലൊരു നിര്‍ദേശം എവിടെയുമില്ല. അതുകൊണ്ട് അദ്ദേഹം പോകുന്നുവെങ്കില്‍ പോകട്ടെ. ഇത്തരത്തില്‍ നിരന്തരമായി വിവാദമുണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇങ്ങനെ ഗവര്‍ണറോട് 'അയ്യോ അച്ഛാ പോകല്ലെ' എന്നുപറയേണ്ട കാര്യമില്ലെന്നും സാനു പറഞ്ഞു.