കൊച്ചിയില്‍ ഡോക്ടറെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടി; സ്ത്രീയുള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റില്‍

 | 
Honeytrap

കൊച്ചിയില്‍ ഡോക്ടറെ ഹണിട്രാപ്പില്‍ കുടുക്കി ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍. തമിഴ്നാട് ഗൂഡല്ലൂര്‍ സ്വദേശി നസ്രിയ, ഇടുക്കി സ്വദേശി മുഹമ്മദ് അമീന്‍ എന്നിവരാണ് പിടിയിലായത്. ഡോക്ടറില്‍ നിന്ന് അഞ്ചര ലക്ഷം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. ഏപ്രില്‍ 5-ാം തിയതിയാണ് ഡോക്ടറെ പ്രതികള്‍ ഹണി ട്രാപ്പില്‍ കുടുക്കിയത്. മൊബൈല്‍ ഫോണിലൂടെ ഡോക്ടറുമായി സൗഹൃദത്തിലായ നസ്രിയ തന്റെ ചികിത്സയുടെ ആവശ്യത്തിനെന്ന് പറഞ്ഞ് ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തി.

ഈ സമയത്ത് അവിടെയെത്തിയ അമീന്‍ ഇരുവരുടെയും സ്വകാര്യ ചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തി. ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഡോക്ടര്‍ വന്ന കാറും 45,000 രൂപയും തട്ടിയെടുത്തു. അടുത്ത ദിവസം വാഹനം തിരികെ നല്‍കുകയും കൂടുതല്‍ പണം ആവശ്യപ്പെടുകയും ചെയ്തു. അഞ്ചുലക്ഷം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. ഇതിനു ശേഷവും 5 ലക്ഷം ആവശ്യപ്പെട്ടതോടെ ഡോക്ടര്‍ പരാതി നല്‍കുകയായിരുന്നു. ഏപ്രില്‍ 13നാണ് പോലീസില്‍ പരാതി നല്‍കിയത്.

ഇടുക്കി സ്വദേശിയായ അമീന്‍ വൈറ്റിലയിലെ ഓട്ടോ ഡ്രൈവറാണ്. മൂന്നുമാസം മുന്‍പാണ് യാത്രക്കാരിയായെത്തിയ നസ്രിയയും അമീനും പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ സൗഹൃദത്തിലാവുകയും ഹണിട്രാപ്പ് പദ്ധതി ആസൂത്രണം ചെയ്യുകയുമായിരുന്നുവെന്ന് പോലീസ് അറിയിച്ചു.