അഞ്ച് പാര്‍ട്ടികളില്‍ അലഞ്ഞുതിരിഞ്ഞയാളുടെ ഉപദേശം തനിക്ക് വേണ്ട; ഗവര്‍ണര്‍ക്ക് വി.ഡി.സതീശന്റെ മറുപടി
ഗവര്‍ണറുടെ പരിഹാസത്തിന് മറുപടിയുമായി പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. പ്രതിപക്ഷനേതാവ് എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് അഞ്ച് പാര്‍ട്ടികളില്‍ അലഞ്ഞുതിരിഞ്ഞു നടന്ന ആരിഫ് മുഹമ്മദ് ഖാന്റെ ഉപദേശം തനിക്ക് ആവശ്യമില്ലെന്ന് സതീശന്‍ പറഞ്ഞു. സ്ഥിരതയില്ലാതെ സംസാരിക്കുന്ന ഗവര്‍ണറുടെ പ്രവര്‍ത്തനങ്ങള്‍ അപമാനകരമാണ്. അഞ്ചു പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചതിന്റെ റെക്കോര്‍ഡൊക്കെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആര്‍ക്കുമുണ്ടാകില്ലെന്നാണ് തോന്നുന്നതെന്നും സതീശന്‍ പറഞ്ഞു.
തനിക്കില്ലാത്ത എന്തു മേന്മയാണ് ഉമ്മന്‍ചാണ്ടിയിലും ചെന്നിത്തലയിലും കണ്ടതെന്ന് ഗവര്‍ണറാണ് പറയേണ്ടത്. രമേശും ഉമ്മന്‍ചാണ്ടിയും പറഞ്ഞാല്‍ കേള്‍ക്കാം. ഗവര്‍ണര്‍ പറഞ്ഞാല്‍ കേള്‍ക്കാന്‍ ഉദ്ദേശ്യമില്ല. ഗവര്‍ണര്‍ സംഘപരിവാര്‍ വക്താവിനെപ്പോലെയാണ് സംസാരിക്കുന്നത്. വിലപേശലാണ് ഗവര്‍ണര്‍ നടത്തിയത്. ഇത് ഭരണഘടനാ ലംഘനമാണ്. ഗവര്‍ണറുടെ സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ വഴങ്ങുകയായിരുന്നു. നയപ്രഖ്യാപനം വായിക്കാതിരുന്നെങ്കില്‍ ഗവര്‍ണര്‍ ഇന്ന് രാജിവെക്കേണ്ടി വന്നേനെ.
അതില്‍ നിന്ന് ഗവര്‍ണറെ രക്ഷിച്ചത് മുഖ്യമന്ത്രിയാണ്. ഗവര്‍ണര്‍ സര്‍ക്കാരിന്റെ തെറ്റിന് കൂട്ടുനിന്നുവെന്നും ലോകായുക്ത ഭേദഗതി ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയക്കണമായിരുന്നുവെന്നും സതീശന്‍ പറഞ്ഞു.