വവ്വാലുകളെ പ്രകോപിപ്പിക്കരുത്, പടക്കം പൊട്ടിച്ചും തീ കത്തിച്ചും അവയെ ഓടിക്കാൻ ശ്രമിക്കരുത്; വീണാ ജോർജ്

 | 
veena george

വവ്വാലുകളെ പ്രകോപിപ്പിക്കരുത്. പടക്കം പൊട്ടിച്ചും തീ കത്തിച്ചും അവയെ ഓടിക്കാൻ ശ്രമിക്കരുത്. അങ്ങനെയാവുമ്പോൾ അവ കൂടുതൽ വൈറസുകളെ പുറംതള്ളുമെന്നാണ് ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളത് എന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ഒരു പ്രത്യേക കാലത്താണ് പ്രത്യേകിച്ചും പ്രജനനകാലത്താണ് വവ്വാലുകളിൽ വൈറസ് കൂടുതലായിട്ടുള്ളത്. ഏപ്രിൽ, മെയ് മാസം മുതൽ സെപ്തംബർ അവസാനം വരെയാണ് വവ്വാലുകളുടെ പ്രജനനകാലം. ആ ഒരു കാലഘട്ടത്തിൽ ഉണ്ടാവുന്ന സ്രവങ്ങളിൽ വൈറസിന്റെ സാന്നിധ്യം കൂടുതലായിരിക്കുമെന്നാണ് ഐസിഎംആർ പഠനം. ബോധവൽക്കരണം നടത്തുന്നുണ്ട്. എന്നും മന്ത്രി പറഞ്ഞു.

ഇന്ന് നിപ സ്ഥിരീകരിച്ചത് ചെറുവണ്ണൂർ-കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ 39 വയസ്സുള്ളയാൾക്കാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു. ചികിത്സയിലുള്ള ആരോഗ്യപ്രവർത്തകന് കാര്യമായ ലക്ഷണങ്ങളില്ല. കുഞ്ഞിനെ വെന്റിലേറ്ററിൽ നിന്നും മാറ്റിയിട്ടില്ല. പക്ഷെ നില തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു.

ഹൈറിസ്‌ക് കോൺടാക്റ്റിലുള്ള മുഴുവൻ പേരെയും പരിശോധിക്കും. പരമാവധി സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കാനാണ് തീരുമാനം. ഇനി മുതൽ ടെസ്റ്റ് ചെയ്യുന്നവരുടെ എണ്ണം കൃത്യമായി പറയാനാകില്ലെന്നും വീണാ ജോർജ് പറഞ്ഞു.