പാവങ്ങളുടെ കഞ്ഞിയിൽ മണ്ണ് വാരിയിടാൻ ശ്രമിക്കരുത്, ഭവനരഹിതരില്ലാത്ത കേരളത്തിനായി മുന്നോട്ടുപോകുകയാണ് സർക്കാർ; മുഖ്യമന്ത്രി

 | 
navakerala


പാവങ്ങളുടെ കഞ്ഞിയിൽ മണ്ണ് വാരിയിടാൻ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭവനരഹിതരില്ലാത്ത കേരളത്തിനായി മുന്നോട്ടുപോകുകയാണ് സർക്കാർ. ലൈഫ് പദ്ധതിയെ തകർക്കരുത്, ഇതിനു പിന്തുണ നൽകുക എന്നത് മനുഷ്യത്വപരമായ കാര്യമാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. പയ്യന്നൂർ നവകേരള സദസിന്റെ വേദിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ലൈഫ് മിഷൻ പദ്ധതിയിലൂടെ 15518 വീടുകളുടെ നിർമാണം പൂർത്തിയായി കഴിഞ്ഞു. ലൈഫ് മിഷന്റെ പൂർത്തീകരണത്തിൽ നിന്ന് പിന്നോട്ട് പോകില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് മിഷൻ തകർന്നു എന്ന് പറഞ്ഞവർക്കെതിരെയുള്ള മറുപടിയാണ് ഇരട്ടിയാക്കിയ വീടുകളുടെ നിർമാണം.

ജനാധിപത്യവിശ്വാസവും പൗരബോധവും മുറുകെപ്പിടിക്കുന്ന പൊതുസമൂഹമാണ് കേരളത്തിൻറെ കരുത്ത് എന്ന് പലരും ചൂണ്ടിക്കാണിക്കാറുണ്ട്, അതു പൂർണ്ണമായും ശരിയാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് നവകേരള സദസ്സിൻറെ രണ്ടാമത്തെ ദിവസവും കണ്ട ജനപങ്കാളിത്തം. ജനങ്ങൾ കേവലം കേൾവിക്കാരായി ഇരിക്കുകയല്ല ഇവിടെ. ഓരോരുത്തരും തങ്ങളുടെ സജീവമായ ഇടപെടൽ ഉറപ്പാക്കിക്കൊണ്ട് ഇതിനോടൊപ്പം ചേരുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. നാടിൻറെ പുരോഗതിയ്ക്കായി കൂടുതൽ ഊർജ്ജത്തോടെ മുന്നോട്ടുപോകാനുള്ള പ്രചോദനം നവകേരള സദസ്സ് പകരുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

രണ്ടു ദിവസത്തെ അനുഭവം മുൻ നിർത്തി ഇന്ന് മുതൽ ഓരോ കേന്ദ്രത്തിലും നവകേരള സദസ്സിൻറെ വേദികളോടനുബന്ധിച്ച് നിവേദനങ്ങളും പരാതികളും സ്വീകരിക്കുന്ന ഇരുപതു കൗണ്ടറുകൾ പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.