വസ്ത്രധാരണം ഓരോ മനുഷ്യന്റെയും ജനാധിപത്യപരമായ അവകാശമാണ്; തട്ടം പരാമർശത്തിൽ പ്രതികരിച്ച് എം വി ഗോവിന്ദൻ

 | 
m v govindhan

അഡ്വ. കെ അനിൽ കുമാർ നടത്തിയ തട്ടം പരാമർശത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വസ്ത്രധാരണം ഓരോ മനുഷ്യന്റെയും ജനാധിപത്യപരമായ അവകാശമാണെന്നും അനില്‍കുമാറിന്റെ പരാമര്‍ശം പാര്‍ട്ടിനിലപാടില്‍നിന്ന് വ്യത്യസ്തമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഇത്തരത്തില്‍ ഒരു പരാമര്‍ശവും പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരുടേയും വസ്ത്ര ധാരണയിലേക്ക് കടന്നുകയറുന്ന നിലപാട് ആരും സ്വീകരിക്കേണ്ടതില്ല എന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

തിരുവനന്തപുരത്ത് നടന്ന നാസ്തിക സമ്മേളനത്തിലായിരുന്നു അനിൽ കുമാറിന്റെ പരാമർശം. 'വേദിയില്‍ സി രവിചന്ദ്രന്റെ പ്രസംഗത്തിന് മറുപടിയായി മലപ്പുറത്തെ സ്ത്രീകളുടെ പട്ടിണി മാറ്റിയത് ആരാണെന്ന് ചോദിച്ചു. എസ്സന്‍സ് ആണോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണോയെന്ന്. മതത്തിലേക്ക് സ്ത്രീകളെ കൊണ്ടുപോകാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമിക്കുന്നുവെന്നതാണ് രവിചന്ദ്രന്റെ ആക്ഷേപം. എന്നാല്‍ അവിടെ വിദ്യാഭ്യാസം നേടിയിട്ടുള്ള സ്ത്രീകള്‍ തട്ടമിടണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന ഘട്ടത്തില്‍, അവരുടെ തീരുമാനത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പങ്കുണ്ട്. അവരെ മതത്തിലേക്ക് തളച്ചിടാനല്ല, ജീവിതത്തിലേക്ക് ഉയര്‍ത്താനാണ് ശ്രമിച്ചത്'എന്നായിരുന്നു അനിൽ കുമാറിന്റെ പ്രസംഗം.