ക്രൂസ് കപ്പലില്‍ ലഹരി പാര്‍ട്ടി; ഷാരൂഖ് ഖാന്റെ മകന്‍ ഉള്‍പ്പെടെ 8 പേര്‍ പിടിയില്‍

 | 
Aryan Khan
ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടക്കുന്നതിനിടെ നടന്ന റെയ്ഡില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ പിടിയില്‍

മുംബൈ: ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടക്കുന്നതിനിടെ നടന്ന റെയ്ഡില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ പിടിയില്‍. 8 പേരാണ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ റെയ്ഡില്‍ പിടിയിലായത്. ആര്യനെ എന്‍സിബി ചോദ്യം ചെയ്തു വരികയാണ്. എന്നാല്‍ ആര്യനെതിരെ കുറ്റം ചുമത്തുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡേ അറിയിച്ചു.

രണ്ടാഴ്ച മുന്‍പ് ഉദ്ഘാടനം ചെയ്ത കോര്‍ഡീലിയ ക്രൂസ് എന്ന കപ്പലിലാണ് ലഹരി പാര്‍ട്ടി നടന്നത്. മുംബൈ തീരത്ത് കപ്പലില്‍ പാര്‍ട്ടി നടക്കുമെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ യാത്രക്കാരുടെ വേഷത്തില്‍ എന്‍സിബി ഉദ്യോഗസ്ഥര്‍ കയറുകയായിരുന്നു. മുംബൈയില്‍ നിന്ന് നടുക്കടലില്‍ കപ്പല്‍ എത്തിയപ്പോള്‍ പാര്‍ട്ടി ആരംഭിച്ചു. പാര്‍ട്ടിക്കിടെ പരസ്യമായി ലഹരി മരുന്ന് ഉപയോഗിച്ചവരെ എന്‍ഡിബി ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

7 മണിക്കൂറോളം പരിശോധന നീണ്ടു. കപ്പലിലെ നിരവധി മുറികളില്‍ ഇനിയും പരിശോധന നടത്താനുണ്ടെന്നാണ് വിവരം. സംഗീത പരിപാടി എന്ന പേരിലാണ് പാര്‍ട്ടി സംഘടിപ്പിച്ചിരുന്നത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുമായി സഹകരിച്ച് ഫാഷന്‍ ടിവിയാണ് കപ്പലില്‍ പരിപാടി സംഘടിപ്പിച്ചിരുന്നതെന്നും വിവരമുണ്ട്. ഉദ്ഘാടന യാത്രയില്‍ ഗോവ, കൊച്ചി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ കോര്‍ഡീലിയ ക്രൂസ് എത്തിയിരുന്നു.