ദത്ത് ലൈസന്‍സ് ഹാജരാക്കിയില്ല; അനുപമ കേസില്‍ ശിശുക്ഷേമ സമിതിയെ വിമര്‍ശിച്ച് കോടതി

 | 
Anupama

ദത്ത് ലൈസന്‍സ് ഹാജരാക്കിയില്ല; അനുപമ കേസില്‍ ശിശുക്ഷേമ സമിതിയെ വിമര്‍ശിച്ച് കോടതി

അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ശിശുക്ഷേമ സമിതിയെ വിമര്‍ശിച്ച് തിരുവനന്തപുരം കുടുംബകോടതി. അനുമതിയില്ലാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിഡബ്ല്യുസി കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ഇതോടെയാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്.

കോടതി ആവശ്യപ്പെട്ടിട്ടും ദത്ത് ലൈസന്‍സ് ഹാജരാക്കാത്തതില്‍ കോടതി അതൃപ്തി അറിയിച്ചു. ഒറിജിനല്‍ ലൈസന്‍സ് ഹാജരാക്കണമെന്ന് കോടതി കര്‍ശന നിര്‍ദേശം നല്‍കി. അതേസമയം ദത്ത് നല്‍കിയ സംഭവത്തില്‍ അന്വേഷണം അന്തിമ ഘട്ടത്തിലാണെന്ന് ശിശുക്ഷേമ സമിതി കോടതിയെ അറിയിച്ചു.

റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഈ മാസം 29-ാം തിയതി വരെ സമയം വേണമെന്നാണ് ശിശുക്ഷേമ സമിതി ആവശ്യപ്പെട്ടത്. ആന്ധ്രാ സ്വദേശികള്‍ക്കാണ് കുഞ്ഞിനെ ദത്ത് നല്‍കിയിരിക്കുന്നത്. കുഞ്ഞിനെ കേരളത്തിലെത്തിക്കാന്‍ കഴിഞ്ഞ ദിവസം സിഡബ്ല്യുസി ഉത്തരവിട്ടിരുന്നു. ഇതിനായി പ്രത്യേക പോലീസ് സംഘം പുറപ്പെട്ടു.