ഇ ബുള് ജെറ്റ് സഹോദരന്മാര്ക്ക് ജാമ്യം; വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി

കണ്ണൂര്‍: ഇ ബുള് ജെറ്റ് സഹോദരന്മാര്ക്ക് ജാമ്യം. പൊതുമുതല്‍ നശിപ്പിച്ചതിനുള്ള കേസിലാണ് ജാമ്യം സഹോദരന്‍മാരായ എബിനും ലിബിനും ലഭിച്ചത്. ഇരുവരും 3500 രൂപ വീതം കെട്ടിവെക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. എല്ലാ ബുധനാഴ്ചയും 11 മണിക്കും 2നുമിടയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും വ്യവസ്ഥയുണ്ട്. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജ്‌സട്രേറ്റ് കോടതിയാണ് ഇവര്‍ക്ക് ജാമ്യം നല്‍കിയത്.
അതേസമയം വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള നടപടികള്‍ മോട്ടോര്‍വാഹന വകുപ്പ് ആരംഭിച്ചു. ആര്‍സി ഉടമയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. സഹോദരന്‍മാരുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നിര്‍ദേശം ഗതാഗത കമ്മീഷണറും നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ടിഒ ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയതിനാണ് ഇവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
പൊതുമുതല്‍ നശിപ്പിച്ചതിനും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനു ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ഇവരെ പിന്നീട് റിമാന്‍ഡ് ചെയ്തിരുന്നു.