ആത്മകഥ വിവാദം പാര്‍ട്ടിയില്‍ വിശദീകരിക്കാന്‍ ഇ പി ജയരാജന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും
ഇ.പി ജയരാജന്റെ ആത്മകഥ വിവാദം രാഷ്ട്രീയ ചര്‍ച്ചയാകുന്നതിനിടെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ഇ പി ജയരാജന്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയശേഷം ആദ്യമായാണ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇ പി ജയരാജന്‍ പങ്കെടുക്കുന്നത്.
എന്നാല്‍ വിഷയത്തില്‍ പാര്‍ട്ടിയുടെ വിശദമായ പരിശോധന പാലക്കാട് ഉപതെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞ ശേഷം മാത്രമേ ഉണ്ടാകുവെന്നാണ് വിവരം. ഡി സി ബുക്‌സുമായി ഒരു കരാറിലും ഏര്‍പ്പെട്ടിട്ടില്ലെന്ന് പരസ്യമായി പറയുന്ന ഇ.പി ജയരാജന്‍ പാര്‍ട്ടിക്ക് മുന്നില്‍ എന്ത് വിശദീകരിക്കുമെന്നത് പ്രധാനമാണ്.
ചേലക്കര വയനാട് ഉപതിരഞ്ഞെടുപ്പുകളുടെ വിലയിരുത്തലുകളും യോഗത്തില്‍ ഉണ്ടാകും. ചേലക്കരയില്‍ വിജയിക്കും എന്നാണ് തൃശ്ശൂര്‍ ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.പുതിയ വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇ പി ജയരാജന്‍ പാര്‍ട്ടിക്ക് മുന്നില്‍ വിശദീകരിച്ചേക്കും.