ഓൺലൈൻ ഗെയിം കളിച്ച് 1.5 കോടി നേടി; എസ്ഐക്ക് സസ്‌പെൻഷൻ

 | 
fh

പൂനെ: ഓണ്‍ലൈന്‍ ഗെയിം കളിച്ച് ഒന്നരക്കോടി നേടിയ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. പൂനെ പിംപ്രി - ചിഞ്ച്‌വാദ് പോലീസാണ് സബ് ഇൻസ്പെക്ടർ സോംനാഥ് ജിന്ദേയ്‌ക്കെതിരേ നടപടിയെടുത്തത്. പെരുമാറ്റദൂഷ്യം, പോലീസിന്‍റെ പ്രതിച്ഛായ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഡ് ചെയ്തത്.

പ്രമുഖ ഓണ്‍ലൈന്‍ ഗെയിം കളിച്ചാണ് സോംനാഥ് ജിതേന്ദ്ര ഒന്നരക്കോടി രൂപ നേടിയത്. പോലീസുകാരന് ഗെയിം കളിച്ച് കോടീശ്വരനായെന്ന വാർത്ത പെട്ടെന്ന് തന്നെ പ്രചരിക്കുകയും ചെയ്തു. ഇതോടെയാണ് ഉദ്യോഗസ്ഥനെതിരെ പോലീസ് നടപടിയെടുത്തത്. സംഭവത്തിൽ ഉദ്യോഗസ്ഥന്‍റെ നടപടിയിൽ ആശങ്ക രേഖപ്പെടുത്തിയ ഉദ്യോഗസ്ഥർ ഉടൻ തന്നെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിടുകയായിരുന്നു.

അധികൃതരുടെ അനുമതിയില്ലാതെയാണ് എസ്ഐ ഗെയിം കളിച്ചതെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയത് പോലീസ് യൂണിഫോമിലാണെന്നതും തിരിച്ചടിയായി. ഇതോടെയാണ് ഡിസിപി സ്വപ്ന ഗോറിന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിൽ സസ്‌പെൻഡ് ചെയ്തത്.