ഹെയ്തിയിൽ ഭൂകമ്പം. 304 മരണം

 | 
Haiti earthquake

കരീബിയൻ രാജ്യമായ ഹെയ്തിയിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ 304 പേര് മരിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. നൂറുകണക്കിന് ആളുകൾ കെട്ടിട അവശിഷ്‌ടങ്ങൾക്ക് അടിയിൽ കുടുങ്ങി.മരണ സംഖ്യ ഇനിയും ഉയർന്നേക്കാം. പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 8.30 നാണ് റിക്ച്ചർ സ്‌കെയിലിൽ 7.2 രേഖപ്പെടുത്തിയ ഭൂമികുലുക്കം ഉണ്ടായത്. 2010ൽ ഇവിടെ ഉണ്ടായ ഭൂകമ്പത്തിൽ മൂന്നു ലക്ഷം പേർ ആണ് മരിച്ചത്.

ആഭ്യന്തര പ്രശ്നങ്ങളും കലാപങ്ങളും കാരണം അരക്ഷിതാവസ്ഥ നിറഞ്ഞ രാജ്യത്തെ ഈ ഭൂമികുലുക്കം കൂടുതൽ ബുദ്ധിമുട്ടിലാക്കും. രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നുണ്ട്. തലസ്‌ഥാനമായ പോർട്ട് ഓ പ്രിൻസിൽ നിന്നും 150 കിലോമീറ്റർ അകലെ ആണ് ഭൂകമ്പം ഉണ്ടായത്. പിന്നാലെ തുടർചലങ്ങളും ഉണ്ടായി. ക്യൂബ, ജമൈക്ക തുടങ്ങിയ രാജ്യങ്ങളിൽ ഇതിന്റെ പ്രകമ്പനം ഉണ്ടായി. 

ആയിരത്തി എണ്ണൂറിൽ അധികം പരിക്കേറ്റവരെ രക്ഷപെടുത്തിയിട്ടുണ്ട്. ആയിരക്കണക്കിന് വീടുകൾ, സ്ക്കൂളുകൾ, പള്ളികൾ തുടങ്ങിയവ തകർന്നു വീണു. വിമാനത്താവളത്തിനും പോർട്ടിനും കുഴപ്പം സംഭവിച്ചിട്ടില്ല എന്ന് അധികൃതർ അറിയിച്ചു. 

കഴിഞ്ഞ മാസം ആണ് ഹെയ്തിയിൽ പ്രസിഡന്റ് ആയിരുന്ന ജോവനൽ മോയിസ് കൊല്ലപ്പെട്ടത്. പ്രകൃതി ദുരന്തങ്ങൾ ഇവിടെ സ്ഥിരമാണ്. 2016ൽ ഉണ്ടായ ചുഴലിക്കാറ്റിൽ പതിനായിരങ്ങൾ ആണ് മരിച്ചത്. കോവിഡ് വ്യാപനവും രാജ്യത്ത് കൂടുതൽ ആണ്.