അരവിന്ദ് കെജ്‍രിവാൾ അറസ്റ്റിൽ
ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‍രിവാളിനെ മദ്യനയ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റ് തടയണമെന്ന ഹര്‍ജി വ്യാഴാഴ്ച ഡല്‍ഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്. കെജ്‍രിവാളിന്റെ വീട്ടില്‍ 12 അംഗ ഇ.ഡി സംഘം സെര്‍ച്ച് വാറണ്ടുമായെത്തിയിരുന്നു.
കെജ്‍രിവാളിന് അറസ്റ്റില്‍നിന്നും ഇടക്കാല സംരക്ഷണം നല്‍കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി അറിയിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ വസതിയില്‍ ഇ.ഡി സംഘമെത്തിയത്. തുടർന്ന് രണ്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്.
ഇ.ഡി തുടര്‍ച്ചയായി അയക്കുന്ന സമന്‍സുകള്‍ക്ക് എതിരെയാണ് കെജ്‍രിവാള്‍ കോടതിയെ സമീപിച്ചിരുന്നത്. കേസ് പരിഗണിച്ച ജസ്റ്റിസുമാരായ സുരേഷ് കുമാര്‍ കൈറ്റും മനോജ് ജെയിനും അടങ്ങുന്ന ബെഞ്ച് അദ്ദേഹത്തിന്റെ ഹര്‍ജി ഏപ്രില്‍ 22 ന് വാദം കേള്‍ക്കുമെന്നും അറിയിച്ചിരുന്നു.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒമ്പത് സമന്‍സുകളാണ് ഇ.ഡി. ഇതുവരെ അയച്ചത്. എന്നാല്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരാകാന്‍ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല.
ഞായറാഴ്ചയാണ് ഇ.ഡി. ഒമ്പതാമത്തെ സമന്‍സ് അയച്ചത്. ഇതിന് പിന്നാലെയാണ് അദ്ദേഹം ഇ.ഡിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
ചോദ്യം ചെയ്യലിന് ഹാജരാകാത്ത കെജ്‍രിവാളിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഇ.ഡി. കോടതിയെ സമീപിച്ചത്. ഡല്‍ഹി മദ്യനയ കേസിന്റെ കുറ്റപത്രത്തില്‍ പലതവണ കെജ്‍രിവാളിന്റെ പേര് പരാമര്‍ശിക്കപ്പെടുന്നുണ്ടെന്നാണ് ഇ.ഡിയുടെ വാദം.