എട്ടുപേർക്ക് കൂടി നിപ ലക്ഷണങ്ങൾ, മൃ​ഗങ്ങളുടെ സ്രവസാംപിളുകൾ ശേഖരിച്ചു.

 | 
Nipah

കോഴിക്കോട്: ജില്ലയില്‍ എട്ടുപേര്‍ക്കുകൂടി  നിപ്പ ലക്ഷണങ്ങള്‍ കണ്ടെത്തിയതായി സ്ഥിരീകരണം. ഇവരുടെ സാംപിളുകൾ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇതോടെ സമ്പര്‍ക്കപ്പട്ടികയില്‍ 251 പേരെക്കൂടി പുതിയതായി ഉൾ‍പ്പെടുത്തുമെന്ന് കോഴിക്കോട് ജില്ലാ കലക്ടർ അറിയിച്ചു. ഇന്ന്  പുറത്തിറക്കിയ സർക്കുലറിലാണ്  ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.  ഇതോടെ ഹൈറിസ്ക് വിഭാഗത്തിലുള്ളവരുടെ എണ്ണം 32 ആയി ഉയർന്നിട്ടുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിലെ നിപ്പ വാർഡിൽ പ്രവേശിച്ചിരിക്കുകയാണ്. 

നിപ്പയുടെ  ഉറവിടം കണ്ടെത്താനുള്ള മൃഗസംരക്ഷണ വകുപ്പിന്‍റെ പരിശോധന ഊർജ്ജിതമായി നടക്കുകയാണ്. നേരത്തെ മരിച്ച 12 വയസുകാരന്‍ മുഹമ്മദ് ഹാഷിമിന്‍റെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് ഇപ്പോൾ പരിശോധന നടക്കുന്നത്.
 
കുട്ടിയുടെ വീട്ടിലെ ആടിന്റെ സ്രവം എടുത്തു. ആടിന് രണ്ട് മാസം മുന്‍പ് അസുഖം വന്നിരുന്നു. വനംവകുപ്പിന്റെ സഹായത്തോടെ വവ്വാലുകളുടേയും കാട്ടുപന്നികളുടേയും സ്രവം ശേഖരിക്കും.  ഇവ ഭോപ്പാലിലെ ലാബിലേക്ക് പരിശോധനക്കായി അയക്കും. കൂളിമാട് പുൽപറമ്പിൽ വിദഗ്ദ സംഘമെത്തി പരിശോധനയ്ക്കായി റമ്പുട്ടാൻ പഴങ്ങളും ശേഖരിച്ചു.