ആലുവയില്‍ ഉറങ്ങിക്കിടന്ന എട്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിയുടെ ദൃശ്യങ്ങള്‍ പുറത്ത്

 | 
Aluva-rape

ആലുവയില്‍ ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തിലെ എട്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ആലുവ ചാത്തന്‍പുറത്താണ് സംഭവം. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സമീപത്തെ പാടത്തു നിന്ന് രക്തം വാര്‍ന്ന നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. 

ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ മകളാണ് പീഡനത്തിന് ഇരയായത്. കുട്ടിയുടെ പിതാവ് ബുധനാഴ്ച രാത്രി തിരുവനന്തപുരത്തേക്ക് പോയിരുന്നു. മൂന്നു കുട്ടികളും അമ്മയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഹാളിലായിരുന്നു കുട്ടികള്‍ കിടന്നത്. വാതില്‍ പൂട്ടിയിരുന്നെങ്കിലും അടുത്തുള്ള ജനല്‍ തുറന്നു കിടക്കുകയായിരുന്നു. ജനലിലൂടെയാണ് പ്രതി വാതില്‍ തുറന്ന് അകത്തു കയറിയത്. 

പിന്നീട് കുട്ടിയെ എടുത്ത് പുറത്തിറങ്ങിയ ശേഷം ജനല്‍ വഴി വാതില്‍ പൂട്ടുകയും ചെയ്തു. കുട്ടിയുമായി പ്രതി പോകുന്നതു കണ്ട പ്രദേശവാസി നാട്ടുകാരെ വിളിച്ചു കൂട്ടി നടത്തിയ തെരച്ചിലിലാണ് പരിക്കേറ്റ കുട്ടിയെ കണ്ടെത്തിയത്. പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. ഇയാള്‍ മലയാളിയാണ്. ആലുവ റെയില്‍വേ സ്റ്റേഷനടുത്തുള്ള പ്രദേശങ്ങളില്‍ ഇയാളെ കാണാറുള്ളതായാണ് നാട്ടുകാര്‍ പറയുന്നത്. നിരവധി മോഷണക്കേസുകളിലും ഇയാള്‍ പ്രതിയാണെന്നും നാട്ടുകാര്‍ പറയുന്നു.

പീഡനത്തില്‍ പരിക്കേറ്റ കുട്ടി നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ആലുവയില്‍ കഴിഞ്ഞ ജൂലായില്‍ അതിഥിത്തൊഴിലാളിയുടെ മകളായ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയിരുന്നു. അതിനു ശേഷം ഒന്നരമാസത്തിനിടെയാണ് രണ്ടാമത്തെ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.