തെരഞ്ഞെടുപ്പ് തോല്‍വി പാഠം പഠിപ്പിച്ചു; സജീവ രാഷ്ട്രീയം വിടുകയാണെന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍

 | 
E Sreedharan

താന്‍ സജീവ രാഷ്ട്രീയം വിടുകയാണെന്ന് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന ഇ.ശ്രീധരന്‍. പാലക്കാട്ടെ തെരഞ്ഞെടുപ്പ് തോല്‍വി പാഠം പഠിപ്പിച്ചതായും ശ്രീധരന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ശ്രീധരന്‍ പാലക്കാട് എംഎല്‍എ ഓഫീസ് തുറക്കുകയും ചെയ്തിരുന്നു.

താന്‍ സജീവ രാഷ്ട്രീയം വിടുന്നുവെന്നത് രാഷ്ട്രീയത്തില്‍ നിന്ന് മാറുന്നുവെന്ന് അര്‍ത്ഥമാക്കുന്നില്ലെന്നും ശ്രീധരന്‍ വ്യക്തമാക്കി. ഞാന്‍ എം.എല്‍.എയായി വന്നതുകൊണ്ട് നാടിന് വേണ്ടി ഒന്നും ചെയ്യാന്‍ സാധിക്കില്ല. നമുക്ക് അധികാരം കിട്ടാതെ ഒന്നും പറ്റില്ല എന്നാണ് ശ്രീധരന്‍ പറഞ്ഞത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഷാഫി പറമ്പിലിനോട് 3859 വോട്ടുകള്‍ക്കാണ് ശ്രീധരന്‍ പരാജയപ്പെട്ടത്.

തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ശ്രീധരനെ ബിജെപിയില്‍ എത്തിച്ചത്. അംഗത്വം സ്വീകരിച്ചതിന് പിന്നാലെ സ്ഥാനാര്‍ത്ഥിത്വവും നല്‍കി. എന്നാല്‍ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയത് ബുദ്ധിശൂന്യതയാണെന്ന് ബിജെപി നേതാവ് പി.പി.മുകുന്ദന്‍ പറഞ്ഞിരുന്നു.