തെരഞ്ഞെടുപ്പ് അരികെ; യുപിയില്‍ മോദിയുടെയും യോഗിയുടെയും ചിത്രം പതിച്ച പാക്കറ്റില്‍ സൗജന്യ റേഷന്‍ കിറ്റ് വിതരണം

 | 
UP Ration

ഉത്തര്‍പ്രദേശില്‍ വോട്ട് പിടിക്കാന്‍ പുതിയ തന്ത്രവുമായി ബിജെപി. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ കിറ്റ് നല്‍കുന്ന പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ചിത്രം പതിച്ച പ്ലാസ്റ്റിക് പാക്കറ്റുകളിലാണ് സൗജന്യ വസ്തുക്കള്‍ നല്‍കുന്നത്. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ് ഉത്തര്‍പ്രദേശ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

റേഷന്‍ വിഹിതത്തിന് പുറമേ കടല, ഉപ്പ്, സോയാബീന്‍ എണ്ണ തുടങ്ങിയവയാണ് സൗജന്യമായി നല്‍കുന്നത്. ഇവയാണ് മോദിയുടെയും യോഗിയുടെയും ചിത്രം പതിച്ച പാക്കറ്റുകളില്‍ വിതരണം ചെയ്യുന്നത്. ഉത്തര്‍ പ്രദേശില്‍ ആദ്യമായാണ് ഇത്തരത്തില്‍ സൗജന്യ വിതരണമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാനത്തെ 15 കോടി റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇരട്ടി റേഷന്‍ സൗജന്യമായി നല്‍കുന്ന പദ്ധതിക്കും തുടക്കം കുറിച്ചു.

കോവിഡ് ദുരിതാശ്വാസത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച സൗജന്യ റേഷന്‍ ഹോളി വരെ നീട്ടിയതായി അയോധ്യയിലെ ദീപോത്സവത്തിന് യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ കേരള സര്‍ക്കാര്‍ വിതരണം ചെയ്ത സൗജന്യ കിറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നീക്കമെന്നായിരുന്നു ആരോപണം. എന്നാല്‍ അതിനെയും മറികടന്ന് നേതാക്കളുടെ ചിത്രം പതിച്ച പാക്കറ്റുകളില്‍ സൗജന്യം നല്‍കിക്കൊണ്ടാണ് യോഗി സര്‍ക്കാരിന്റെ നീക്കം.