5 സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെടുപ്പ് 7 ഘട്ടങ്ങളില്‍; വോട്ടെണ്ണല്‍ മാര്‍ച്ചില്‍
5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചു. യുപി, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കാണ് തെരഞ്ഞെടുപ്പ്. ഏഴു ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിന്റെ ആദ്യ ഘട്ടം ഫെബ്രുവരി 10നാണ്. രണ്ടാം ഘട്ടം ഫെബ്രുവരി 4നും മൂന്നാം ഘട്ടം 20നും നാലാം ഘട്ടം 23നും അഞ്ചാം ഘട്ടം 27നും ആറാം ഘട്ടം മാര്‍ച്ച് 3നും ഏഴാം ഘട്ടം മാര്‍ച്ച് 7നും നടക്കും. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.
ഉത്തര്‍പ്രദേശിലെ വോട്ടെടുപ്പ് ഏഴു ഘട്ടങ്ങളിലായാണ് പൂര്‍ത്തിയാകുന്നത്. പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ഫെബ്രുവരി 14ന് വോട്ടെടുപ്പ് നടക്കും. മണിപ്പൂരില്‍ ഫെബ്രുവരി 27 മാര്‍ച്ച് 3 തിയതികളിലാണ് പോളിംഗ്. ആകെ 690 നിയമസഭ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ്. യുപിയില്‍ 403 സീറ്റുകളിലേക്കും പഞ്ചാബില്‍ 117 സീറ്റുകളിലേക്കും ഉത്തരാഖണ്ഡില്‍ 70 സീറ്റുകളിലേക്കും മണിപ്പൂരില്‍ 60 സീറ്റുകളിലേക്കും ഗോവയില്‍ 40 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്. ആകെ 18.34 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും.
പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവും തിരഞ്ഞെടുപ്പ് നടക്കുക. ഒമിക്രോണ്‍ സാഹചര്യത്തില്‍ ആരോഗ്യ സുരക്ഷയ്ക്കായിരിക്കും പ്രധാന പരിഗണന. വിപുലമായ കോവിഡ് മാര്‍ഗരേഗ നല്‍കും. ജനുവരി 15 വരെ പദയാത്രകളോ റാലികളോ അനുവദിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.