മുസ്ലീം സ്ത്രീകളെ ലേലത്തിന് വെച്ച ബുള്ളി ബായ് ആപ്പ് നിര്‍മിച്ച എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി അറസ്റ്റില്‍

 | 
Bulli Bai

മുസ്ലീം സ്ത്രീകളെ ലേലത്തിന് വെച്ച ബുള്ളി ബായ് ആപ്പുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. ആപ്പ് നിര്‍മിച്ച നീരജ് ബിഷ്‌ണോയ് എന്ന 21കാരനാണ് പിടിയിലായത്. അസമില്‍ നിന്നാണ് ഇയാളെ ഡല്‍ഹി പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഭോപ്പാലിലെ എന്‍ജിനീയറിംഗ് കോളേജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ഇയാളാണ് ആപ്പ് നിര്‍മിച്ച് ജിറ്റ് ഹബില്‍ ഹോസ്റ്റ് ചെയ്തത്. ബുള്ളി ബായി ട്വിറ്റര്‍ അക്കൗണ്ട് നിര്‍മിച്ചതും ഇയാളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

കേസില്‍ നാലാമത്തെ അറസ്റ്റാണ് ഇത്. മുഖ്യ പ്രതികളായ ശ്വേതാ സിംഗ് (18), എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായ വിശാല്‍ കുമാര്‍ ഝാ, മായങ്ക് റാവല്‍ (21) എന്നിവരെ മുംബൈ പോലീസ് ഇന്നലെ പിടികൂടിയിരുന്നു. ശ്വേതാ സിംഗാണ് ആപ്പിന് പിന്നിലെ ബുദ്ധികേന്ദ്രമെന്ന് പോലീസ് പറയുന്നു. നിരവധി മുസ്ലീം സ്ത്രീകളുടെ ചിത്രങ്ങളും വിവരങ്ങളും സഹിതം ആപ്പില്‍ ലേലത്തിന് വെച്ചിരിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പരാതി ഉയരുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു.

മുസ്ലീം വനിതാ ജേര്‍ണലിസ്റ്റുകള്‍, അഭിഭാഷകര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരുടെ ചിത്രങ്ങളും ആപ്പില്‍ ലേലത്തിന് വെച്ചിരുന്നു. പൗരത്വ നിയമ പ്രക്ഷോഭത്തില്‍ ഉള്‍പ്പെടെ പങ്കെടുത്ത സ്ത്രീകളെയായിരുന്നു പ്രധാനമായും ആപ്പ് ലക്ഷ്യമിട്ടിരുന്നത്.