പദവി ഇല്ലെങ്കിലും ശക്തമായി തുടരും; ഒരു വിവാദത്തിലും പങ്കാളിയാകില്ലെന്ന് രമേശ് ചെന്നിത്തല

 | 
ramesh chennithala

               

തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തക സമിതിയിൽ സ്ഥിരം ക്ഷണിതാവായി പങ്കെടുക്കുമെന്നും ഒരു വിവാദത്തിലും പങ്കാളിയാകില്ലെന്നും രമേശ് ചെന്നിത്തല. പദവി ഇല്ലെങ്കിലും ശക്തമായി  തുടരുമെന്നും ചെന്നിത്തല വ്യക്തമാക്കി. പാർട്ടിയുടെ എല്ലാ തീരുമാനങ്ങളും അനുസരിക്കുമെന്നും വിഴുപ്പലക്കലിന് ഇല്ലെന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. പ്രവർത്തകരെ ഒരുമിച്ച് കൊണ്ടുപോകാൻ മുന്നിൽ നിൽക്കേണ്ടത് തന്റെ ദൗത്യമാണ് എന്നും അദ്ദേഹം പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ വാക്കുകൾ

പ്രവർത്തക സമിതിയുടെ പുനസംഘടനയിൽ അസ്വസ്ഥത ഉണ്ടായിരുന്നു. വ്യക്തിപരമായ കാര്യങ്ങൾക്ക് പ്രസക്തിയില്ലെന്ന് ഞാൻ തിരിച്ചറിയുന്നു. കേരളത്തിൽ നിന്ന് പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ യോഗ്യരാണ്. എല്ലാവരെയും അഭിനന്ദിക്കുന്നു. ഒരാൾക്കും അപ്രാപ്യനായിരുന്നില്ല. ആർക്കും ഏത് സമയത്തും കാണാൻ കഴിയും. കഴിഞ്ഞ രണ്ട് വർഷമായി പദവികൾ ഇല്ല. ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ സത്യസന്ധമായി നിറവേറ്റി. പദവി ഇല്ലെങ്കിലും ശക്തമായി തുടരും.

സ്ഥിരം ക്ഷണിതാവായി തിരഞ്ഞെടുത്തതിൽ ഖാർഗെയ്ക്കും സോണിയ ഗാന്ധിക്കും നന്ദി അറിയിക്കുന്നു. ഇന്ദിരാ ഗാന്ധിയാണ് എന്നെ എൻ എസ് യു പ്രസിഡന്റായി നിയമിച്ചത്. രാജീവ് ഗാന്ധി യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനായി നിയമിച്ചു. നൂറ് ശതമാനം പാർട്ടിയുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചു. എന്നെക്കാൾ വലുതാണ് കോൺഗ്രസ് പ്രസ്ഥാനം. പാർട്ടിയുടെ എല്ലാ തീരുമാനങ്ങളും അനുസരിക്കും.

കേരളത്തിലിന്ന് നിയമിക്കപ്പെട്ട നേതാക്കന്മാരെല്ലാം അതിന് തികച്ചും അർഹരായിട്ടുളള നേതാക്കന്മാരാണ്. എ കെ ആന്റണിയുടെ പേര് ആ പട്ടികയിൽ വന്നത് കോൺഗ്രസിന് തന്നെ അലങ്കാരമാണ്. എന്നും കോൺഗ്രസിന്റെ ശക്തി ചൈതന്യമാണ് എ കെ ആന്റണി. ശശി തരൂർ ഇൻഡ്യക്കും കോൺഗ്രസിനും അഭിമാനിക്കാവുന്ന നേതാവാണ്. കഠിനാധ്വാനവും അർപ്പണബോധവും കാര്യക്ഷമതയും കൊണ്ട് ഉയർന്നുവന്ന നേതാവാണ് കെ സി വേണുഗോപാൽ. സ്വന്തം പ്രയത്‌നം കൊണ്ടും കഠിനാധ്വാനം കൊണ്ടും കോൺഗ്രസിന്റെ ഏറ്റവും പരമോന്നത പദവിയിലേക്ക് എത്തിയയാളാണ് കൊടിക്കുന്നിൽ സുരേഷ്.

പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് മാറിനിന്നപ്പോൾ ആ സ്ഥാനം നഷ്ടപ്പെട്ടതിൽ വിഷമമുണ്ടായിരുന്നില്ല. ആ പ്രശ്‌നം കൈകാര്യം ചെയ്ത രീതിയോടാണ് തനിക്ക് എതിർപ്പുണ്ടായിരുന്നു.

പ്രവർത്തക സമിതിയിൽ ചില പൊരുത്തക്കേടുകൾ തോന്നി. ദേശീയ തലത്തിൽ തന്റെ ജൂനിയറായിട്ടുളള നിരവധി പേര് വർ വന്നപ്പോൾ അത് വിഷമമുണ്ടാക്കി. ഇപ്പോൾ അതൊന്നും തന്റെ മനസിനേയോ, കോൺഗ്രസിനോടുളള തന്റെ സമർപ്പണ ബോധത്തേയോ ബാധിക്കുന്ന കാര്യമല്ല.

ബുദ്ധിമുട്ടുണ്ടാകുന്ന സമയത്ത് ഹൈക്കമാൻഡിനോട് എല്ലാ കാര്യവും പറയാറുണ്ട്. എല്ലാ പരാതികളും ഹൈക്കമാന്റിനെ അറിയിക്കും. വിഴുപ്പലക്കലിന് ഇല്ല. അച്ചടക്കമുളള പ്രവർത്തകനായി മുന്നോട്ട് പോകും. പ്രവർത്തകരെ ഒരുമിച്ച് കൊണ്ടുപോകാൻ മുന്നിൽ നിൽക്കേണ്ടത് തന്റെ ദൗത്യമാണ്. പ്രവർത്തക സമിതിയിൽ പങ്കെടുക്കും. ഒരു വിവാദത്തിലും പങ്കാളിയാകില്ല. ഉപതിരഞ്ഞെടുപ്പിന് ശേഷം കാണാം എന്നാണ് താൻ പറഞ്ഞിരുന്നത്.

പുതുപ്പള്ളിയിൽ വിജയം നേടുക മാത്രമായിരുന്നു അജണ്ട. എല്ലാം മറന്ന് പ്രവർത്തിക്കുക എന്നതായിരുന്നു കടമ. പുതുപ്പള്ളിയിൽ 20 ദിവസം പ്രവർത്തിച്ചു. എല്ലാ ദൗത്യങ്ങളും ഫലപ്രദമായി നിറവേറ്റാൻ ശ്രമിച്ചു. പുതുപ്പള്ളിയിലെ വിജയത്തിൽ ചാരിതാർത്ഥ്യം. പുതുപ്പളളിയിലെ വിജയത്തോടെ കോൺഗ്രസ് പ്രവർത്തകരുടെ ഉത്തരവാദിത്തം വർധിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ 20 സീറ്റും നേടാൻ പ്രവർത്തിക്കണം. സംഘപരിവാർ ശക്തികൾക്ക് തിരിച്ചടി നൽകേണ്ടത് കോൺഗ്രസ് കടമയാണ്. കോൺഗ്രസ് പ്രവർത്തകർ ഒറ്റക്കെട്ടായി മുന്നോട്ട് പോകണം. പുതുപ്പള്ളിയും തൃക്കാക്കരയും പകർത്തണം. ഈ ഘട്ടത്തിൽ വ്യക്തിപരമായ കാര്യങ്ങൾക്ക് പ്രധാന്യമില്ലെന്ന് താൻ ഇപ്പോൾ മനസ്സിലാക്കുകയാണ്.