എഴുതിയ വ്യക്തിയുടെ ബാക്ക്ഗ്രൗണ്ട് എല്ലാവര്‍ക്കും അറിയാം; വിമാനത്തില്‍ ഒരു പ്രശ്‌നവും ഉണ്ടായില്ലെന്ന് കെ.സുധാകരന്‍
വിമാനത്തില്‍ ഇഷ്ടപ്പെട്ട സീറ്റ് നല്‍കിയില്ലെന്ന് ആരോപിച്ച് തന്റെ അനുയായി വിമാന ജീവനക്കാരോട് കയര്‍ത്തുവെന്ന സംഭവത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. വിമാനത്തില്‍ പ്രശ്‌നമൊന്നും ഉണ്ടായില്ലെന്ന് സുധാകരന്‍ പറഞ്ഞു. ഒഴിഞ്ഞുകിടന്ന സീറ്റില്‍ ഇരിക്കാന്‍ എയര്‍ ഹോസ്റ്റസ് സമ്മതിച്ചില്ല. അല്ലാതെയൊന്നും ഉണ്ടായിട്ടില്ല. താന്‍ പരാതി കൊടുത്തിട്ടില്ലെന്നും പക്ഷേ എയര്‍ ഹോസ്റ്റസിനെതിരെ നടപടിയെടുത്തെന്നാണ് അറിഞ്ഞതെന്നും സുധാകരന്‍ പറഞ്ഞു.
സംഭവത്തെക്കുറിച്ച് ആര്‍ജെ സൂരജ് ഇട്ട ഫെയിസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായതോടെയാണ് സുധാകരന്റെ പ്രതികരണം. സൂരജിനെതിരെയും സുധാകരന്‍ രംഗത്തെത്തി. ഇതിനെക്കുറിച്ച് എഴുതിയ വ്യക്തിയുടെ ബാക്ക്ഗ്രൗണ്ട് എന്താണെന്ന് നിങ്ങള്‍ക്കെല്ലാം അറിയുന്നതല്ലേ, അദ്ദേഹം അത് പറഞ്ഞില്ലെങ്കിലല്ലേ അത്ഭുതമുള്ളു. എനിക്ക് ഒരു അപമാനവും നേരിടേണ്ടി വന്നിട്ടില്ലെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കൊച്ചിയില്‍ നിന്ന് കണ്ണൂരിലേക്ക് പോയ ഇന്‍ഡിഗോ വിമാനത്തിലെ എയര്‍ ഹോസ്റ്റസിനെയും ഗ്രൗണ്ട് സ്റ്റാഫില്‍ ഒരാളെയും സുധാകരന്റെ അനുയായി ഭീഷണിപ്പെടുത്തിയെന്നായിരുന്നു സൂരജ് കുറിച്ചത്. വിമാനത്തില്‍ ഒഴിഞ്ഞു കിടന്ന സീറ്റില്‍ ഇരിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ചെറിയ വിമാനമായതിനാലും വെയിറ്റ് ബാലന്‍സ് ആവശ്യമായതിനാലും യാത്രക്കാര്‍ക്ക് സ്വന്തം താല്‍പര്യപ്രകാരം സീറ്റുകള്‍ മാറാന്‍ കഴിയില്ലെന്ന് എയര്‍ ഹോസ്റ്റസ് വ്യക്തമാക്കി.
സംസാരം കണ്ടെത്തിയ ഗ്രൗണ്ട് സ്റ്റാഫ് ഇക്കാര്യം ഒന്നു കൂടി വ്യക്തമാക്കുകയും ചെയ്തു. ഇതോടെയാണ് എംപിയുടെ ഒപ്പമുണ്ടായിരുന്നയാള്‍ ജീവനക്കാരോട് കയര്‍ത്തത്. ഇയാള്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.