രാജ്യത്ത് ഫെബ്രുവരിയില്‍ കോവിഡ് മൂന്നാം തരംഗത്തിന് സാധ്യതയെന്ന് വിദഗ്ദ്ധര്‍
ഫെബ്രുവരിയില്‍ രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്ന് വിദഗ്ദ്ധന്‍. ഐഐടി കാണ്‍പൂരിലെ ഗവേഷകര്‍. കോവിഡ് മാത്തമാറ്റിക്കല്‍ പ്രൊജക്ഷനില്‍ പങ്കാളിയായ മഹീന്ദ്ര അഗര്‍വാളാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിദിനം ഒന്ന് മുതല്‍ ഒന്നരലക്ഷം വരെ കേസുകള്‍ മൂന്നാം തരംഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടേക്കാമെന്നും എന്നാല്‍ രണ്ടാം തരംഗത്തേക്കാള്‍ തീവ്രത കുറവായിരിക്കും ഇതിനെന്നും അദ്ദേഹം പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒമിക്രോണ്‍ ആദ്യം റിപ്പോര്‍ട്ടു ചെയ്യപ്പെട്ട ദക്ഷിണാഫ്രിക്കയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്ന കേസുകള്‍ ഒന്നുംതന്നെ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഡെല്‍റ്റയോളം മാരകമായിരിക്കില്ല, പുതിയ വകഭേദം എന്നാണ് വിലയിരുത്തല്‍. പുതിയ വകഭേദത്തിന് വ്യാപനശേഷി വളരെ കൂടുതലാണെങ്കിലും ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച് മാരകമല്ലെന്ന സൂചനകളാണ് ലഭിക്കുന്നതെന്നും അഗര്‍വാള്‍ പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ നിഗമനം അനുസരിച്ച് ആശങ്കപ്പെടേണ്ട വകഭേദങ്ങള്‍ എന്ന വിഭാഗത്തിലാണ് ഒമിക്രോണ്‍ വകഭേദത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ ഡെല്‍റ്റ വകഭേദത്തെയും ഈ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. രാജ്യത്ത് നിലവില്‍ 23 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.