ഉത്തരാഖണ്ഡ് തുരങ്കത്തിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാൻ ഒരു മാസം വേണ്ടി വരുമെന്ന് വിദഗ്ദ്ധർ

 | 
tunnel

 

ഉത്തരാഖണ്ഡിലെ സിൽകാര തുരങ്കത്തിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാൻ ഒരു മാസത്തോളം സമയം വേണ്ടി വരുമെന്ന് വിദഗ്ദ്ധർ. 41 തൊഴിലാളികളാണ് കഴിഞ്ഞ 15 ദിവസമായി തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നത്. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഓഗർ യന്ത്രമുപയോഗിച്ചായിരുന്നു രക്ഷാപ്രവർത്തനങ്ങൾ നടത്തി വന്നത്. ഇത് തടസപ്പെട്ടിരുന്നു. തുടർന്ന് തുരങ്കത്തിന്റെ മുകൾ ഭാഗത്തു നിന്ന് ഡ്രില്ലിംഗ് നടത്തി തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. 

 

യന്ത്രസഹായമില്ലാതെ തുരങ്കം കുഴിക്കുന്നതിന് സൈന്യവും ട്രെഞ്ച്ലെസ്സ് എന്ന കമ്പനിയും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനിടെ തകരാറിലായ ഓഗർ യന്ത്രത്തിന്റെ കേടായ ഭാഗങ്ങൾ നീക്കം ചെയ്യുകയാണ്. ഇതിനായി ഒരു ദിവസം മുഴുവൻ വേണ്ടി വരും. യന്ത്രസഹായമില്ലാതെ മനുഷ്യാധ്വാനത്തിലൂടെ തുരന്നാണ് രക്ഷാപ്രവർത്തനമെങ്കിൽ അതിന് ഒരു മാസം മുഴുവനായി വേണ്ടി വരുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. 

47 മീറ്റർ വരെ തുരന്നതിന് ശേഷമാണ് ഓഗർ യന്ത്രം തകരാറിലായത്. തകർന്നുവീണ ഭാഗങ്ങളിലെ ഇരുമ്പു പാളികളിൽ തട്ടി യന്ത്രം തകരാറിലാകുകയായിരുന്നു. ഈ തടസങ്ങൾ നീക്കിയാൽ തൊഴിലാളികളിലേക്ക് എത്താൻ ആകെ 60 മീറ്റർ തുരന്നാൽ മതിയാകും. എന്നാൽ മുകളിൽ നിന്ന് ഡ്രിൽ ചെയ്യണമെങ്കിൽ 82 മീറ്റർ തുരക്കണം. അതിനും കൂടുതൽ സമയമെടുക്കും.