കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്നയിടത്ത് സ്ഫോടനം; ഒരാൾ മരിച്ചു, 23 പേർക്ക് പരിക്ക്
Oct 29, 2023, 11:00 IST
| കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിനിടെയുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. കളമശേരി മെഡിക്കൽ കോളേജിന് സമീപമുള്ള സാമ്ര കൺവെൻഷൻ സെന്ററിലാണ് സ്ഫോടനമുണ്ടായത്. 23 പേർക്ക് പരിക്കേറ്റു. ഇവരിൽ 5 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
27-ാം തിയതി മുതൽ നടന്നു വരുന്ന മേഖലാ സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്ന് രണ്ടായിരത്തിലേറെ ആളുകൾ പങ്കെടുക്കുന്നുണ്ടായിരുന്നു. രാവിലെ 9.30ഓടെയാണ് സ്ഫോടനം. ഒന്നിലേറെ പൊട്ടിത്തെറികളുണ്ടായതായാണ് വിവരം. പോലീസും ഫയർഫോഴ്സും പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്. സ്ഫോടനത്തിന് കാരണമെന്താണെന്ന കാര്യം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.