അതിതീവ്ര മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്

 | 
Red alert

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. 5 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ലക്ഷദ്വീപിലും യെല്ലോ അലര്‍ട്ടാണ് നല്‍കിയിരിക്കുന്നത്

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല. ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല. അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ മാറിത്താമസിക്കുകയും വേണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കുക. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.

കാേട്ടയം ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ പലയിടങ്ങളിലും വെള്ളം കയറി. മുണ്ടക്കയത്തിന് സമീപം ഇളംകാട് ഉരുള്‍പൊട്ടലുണ്ടായി. ജനവാസ മേഖലയല്ലാത്തതിനാല്‍ ദുരന്തമൊഴിവായെന്നാണ് റിപ്പോര്‍ട്ട്. പൂഞ്ഞാര്‍ തെക്കേക്കരയില്‍ 75 മില്ലീമീറ്ററിന് മേല്‍ മഴ പെയ്തു. മണിമലയാറ്റിലും മീനച്ചിലാറിലും ജലനിരപ്പ് ഉയരുകയാണ്. പലയിടത്തും റോഡില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. പത്തനംതിട്ടയില്‍ മൂന്ന് മണിക്കൂറിനിടെ 70 മില്ലീമീറ്റര്‍ മഴ ലഭിച്ചു. മഴക്കെടുതികളുടെ പശ്ചാത്തലത്തില്‍ റവന്യൂ മന്ത്രി അടിയന്തരയോഗം വിളിച്ചു. ആലു ഗസ്റ്റ് ഹൗസില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്ക് യോഗം ആരംഭിക്കും.

സംസ്ഥാനത്തെ വിവിധ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നിരിക്കുകയാണ്. ജലനിരപ്പ് ഉയരുന്നതിനാല്‍ ഷട്ടറുകള്‍ കൂടുതല്‍ തുറക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. കൊല്ലത്തും എറണാകുളത്തും ഇടുക്കിയിലും ശക്തമായ മഴ തുടരുകയാണ്. തൊടുപുഴ നഗരത്തില്‍ വെള്ളം കയറി. കടകള്‍ക്കുള്ളില്‍ വെള്ളം കയറിയ നിലയിലാണ്. അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയായ മഴക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും  സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

.