വ്യാജ തിരിച്ചറിയൽ കാർഡ് വിവാദം; കോൺഗ്രസ് ചെയ്തത് രാജ്യദ്രോഹകുറ്റമെന്ന് കെ സുരേന്ദ്രൻ

 | 
k surendran


യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വ്യാജ തെരഞ്ഞെടുപ്പ് കാർഡുകൾ നിർമിച്ചത് രാജ്യദ്രോഹക്കുറ്റമാണ്. ഒന്നേകാൽ ലക്ഷത്തോളം കാർഡുകളാണ് കോൺഗ്രസ് പ്രവർത്തകർ നിർമ്മിച്ചെടുത്തത്. ഗുരുതരമായ ക്രിമിനൽ കുറ്റമാണ് നടന്നത്. പിന്നിൽ കോൺഗ്രസിന്റെ ഉന്നത നേതാക്കളുടെ ഇടപെടലുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.

പാലക്കാട്ടെ കോൺഗ്രസ് എംഎൽഎയാണ് വ്യാജ തിരിച്ചറയിൽ കാർഡ് വിവാദത്തിന് പിന്നിൽ. ബാംഗ്ലൂരിൽ പിആർ ഏജൻസിയുടെ സഹായത്തോടെയാണ് കാർഡ് നിർമിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു. പരാതി ലഭിച്ചിട്ടും കോൺഗ്രസ് ഇടപെടാത്തത് ഗൗരവത്തോടെ കാണണം. കെ സി വേണുഗോപാലും വി ഡി സതീശനും ഈ വിഷയങ്ങൾ അറിഞ്ഞിരുന്നുവെന്നും ഇത് പ്രശ്നത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു. സമഗ്രമായ അന്വേഷണം അടിയന്തരമായി നടത്തണം. ഡിജിപിക്കും തെരഞ്ഞെടുപ്പ് കമ്മിഷനും പരാതി നൽകിയിട്ടുണ്ട്. ഈ കുറ്റത്തിൽ നിന്ന് കോൺഗ്രസിന് ഒളിച്ചോടാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധി എപ്പോഴും തെരഞ്ഞെടുപ്പ് രീതിയെ വിമർശിക്കുന്ന വ്യക്തിയാണ്. രാഹുലിന് മുന്നിൽ മൂന്ന് ദിവസം മുമ്പ് പരാതി ലഭിച്ചിട്ടും മൂടി വെച്ചത് വലിയ കുറ്റമാണെന്നും അവർക്കെതിരെയും നടപടി വേണം. പാലക്കാട്ടെ കോൺഗ്രസ് എംഎൽഎയുടെ പേര് എടുത്ത് പറയേണ്ട ആവശ്യമില്ല. എല്ലാം വിശദമായി ദേശീയ അന്വേഷണ ഏജൻസിക്കും തിരഞ്ഞെടുപ്പ് കമ്മീഷനും നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.