അമ്പലപ്പുഴയിലെ വീഴ്ച; ജി.സുധാകരന് പാര്‍ട്ടിയുടെ പരസ്യശാസന

 | 
G Sudhakaran

അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിലെ പ്രചാരണത്തില്‍ മുന്‍ മന്ത്രി ജി.സുധാകരനെതിരെ സിപിഎം നടപടി. സുധാകരന് പരസ്യശാസന നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സുധാകരന്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എളമരം കരീം, കെ.ജെ.തോമസ് എന്നിവര്‍ അംഗങ്ങളായ അന്വേഷണ കമ്മീഷനാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

അമ്പലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എച്ച്.സലാമിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ സുധാകരന്‍ വീഴ്ച വരുത്തിയെന്നായിരുന്നു കമ്മീഷന്റെ കണ്ടെത്തല്‍. സുധാകരനെതിരെ സ്വീകരിക്കേണ്ട നടപടി കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നില്ല. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ പേരെടുത്ത് പരാമര്‍ശിക്കുന്ന ഏക നേതാവ് ജി. സുധാകരനാണ്.

തെരഞ്ഞെടുപ്പില്‍ ജി.സുധാകരന്‍ നിഷേധ സമീപനമെടുത്തെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അമ്പലപ്പുഴയിലെ സ്ഥാനാര്‍ഥിയെ പിന്തുണച്ചില്ല. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനും സഹായകരമായ നിലപാട് സ്വീകരിച്ചില്ല. സ്ഥാനാര്‍ഥിക്കെതിരെ നടന്ന പ്രചാരണങ്ങളെ പ്രതിരോധിക്കാതെ മൗനം നടിച്ചുവെന്നായിരുന്നു വിമര്‍ശനം.  

സ്ഥാനാര്‍ത്ഥി എച്ച്.സലാമിനെതിരെയും കമ്മീഷന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. സലാം തിരഞ്ഞെടുപ്പ് കമ്മിറ്റിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചില്ലെന്നും ഒരു വിഭാഗക്കാരനാണെന്ന പ്രചാരണത്തെ മറികടക്കാന്‍ ശ്രമിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.