നടൻ റിസബാവ അന്തരിച്ചു; കോവിഡ് പോസറ്റീവായതിനാല്‍ പൊതുദർശനം ഒഴിവാക്കി. സംസ്ക്കാരം ചൊവ്വാഴ്ച്ച.
പ്രശസ്ത ചലച്ചിത്രതാരം റിസബാവ അന്തരിച്ചു. അമ്പത്തിനാല് വയസ്സായിരുന്നു. മൂന്ന് ദിവസമായി പക്ഷാഘാതത്തെ തുടർന്ന് ആശുപത്രിയിലായിരുന്നു. റിസബാവയുടെ കോവിഡ് പരിശോധനഫലം പോസറ്റീവാണ്. ഇതിനാൽ പൊതുദർശനം ഒഴിവാക്കി. സംസ്ക്കാരം ചൊവ്വാഴ്ച്ച കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കും.
ഡോക്ടർ പശുപതിയിലൂടെ നായകനായെത്തിയ റിസ ബാവ ഇൻ ഹരിഹർ നഗറിലെ ജോൺ ഹോനായി എന്ന വില്ലന്‍ വേഷത്തിലൂടെയാണ് താരമായത്. ഡബ്ബിങ് ആർട്ടിസ്റ്റ് ആയും തിളങ്ങി. 120ഓളം സിനിമകളിലും ഒട്ടനവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. മമ്മുട്ടി ചിത്രമായ വണ്‍ ആണ് അവസാനമായി പുറത്തിറങ്ങിയത്.
ഷാജി കൈലാസ് ചിത്രമായ ഡോക്ടർ പശുപതിയിലൂടെ സിനിമയിലെത്തിയ റിസബാവക്ക് ഇന്‍ ഹരിഹർ നഗറിലെ ജോണ്‍ ഹോനായ് എന്ന വേഷമാണ് ബ്രേക്ക് നല്‍കിയത്. ആമിന ടെയ്ലേഴ്സ് എന്ന ചിത്രത്തിലും നായകനായി അഭിനയിച്ചു. പിന്നീട് നിരവധി ചിത്രങ്ങളില്‍ വില്ലനായും സ്വഭാവ നടനായും തിളങ്ങി.
തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻ സ്കൂളിലായിരുന്നു റിസബാവയുടെ വിദ്യാഭ്യാസം. നാടക വേദികളിലൂടെയാണ് അഭിനയരംഗത്തേയ്ക്കെത്തുന്നത്. 1984-ൽ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് റിസബാവ സിനിമാ അഭിനയത്തിനു തുടക്കം കുറിച്ചതെങ്കിലും ഈ ചിത്രം റിലീസ് ആയില്ല.2010 ൽ കർമയോഗി സിനിമയിലെ ഡബ്ബിങ്ങിന് മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട് .
മുഖ്യമന്ത്രി പിണാറായി വിജയന്‍, പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ഉള്‍പ്പടെയുള്ള പ്രമുഖർ അനുശേചനം അറിയിച്ചു.