കർഷക സമരം അവസാനിപ്പിച്ചു;വൻ വിജയമെന്ന് നേതാക്കൾ

 | 
Farmers Protest

ഒന്നര വര്‍ഷത്തോളം നീണ്ടു നിന്ന കർഷക സമരം അവസാനിപ്പിച്ചു. ആവശ്യങ്ങളെല്ലാം കേന്ദ്ര സർക്കാർ അംഗീകരിച്ചതോടെയാണ് സമരം സംയുക്ത സമരസമിതി പിന്‍വലിക്കുന്നത്.   കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് രേഖമൂലം സര്‍ക്കാര്‍ ഉറപ്പു നല്‍കിയതോടെയാണ്  സമരം ഔദ്യോഗികമായി അവസാനിപ്പിക്കാന്‍  കര്‍ഷക സംഘടനകള്‍ തീരുമാനിച്ചത്.  കാർഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നേരത്തെ പ്രഖ്യാപിക്കുകയും പിന്നീട് പാർലമെന്‍റില്‍ വച്ച് അവ പിന്‍വലിക്കുകയും ചെയ്തിരുന്നു. മരിച്ച കർഷകരുടെ സ്മരണക്ക് നാളെ  ആദരാഞ്ജലി ദിനം ആചരിക്കും. ശനിയാഴ്ച വിജയദിവസം ആഘോഷിക്കും.


ഡിസംബംര്‍ 11-മുതല്‍ ഡല്‍ഹി അതിര്‍ത്തികളില്‍ നിന്ന് കര്‍ഷകര്‍ സ്വന്തം വീടുകളിലേക്ക് മടങ്ങുമെന്നും സംഘടനകള്‍ അറിയിച്ചു. 'ഞങ്ങളുടെ സമരം താല്‍ക്കാലികമായി നിര്‍ത്താന്‍ തീരുമാനിച്ചു. ജനുവരി 15ന് അവലോകന യോഗം ചേരും. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ സമരം പുനരാരംഭിക്കാം' സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ യോഗത്തിന് ശേഷം പറഞ്ഞു.

കേന്ദ്രസർക്കാർ നൽകിയ ഉറപ്പുകൾ 

1- താങ്ങുവില സമിതിയിൽ കർഷക പ്രതിനിധികളെ ഉൾപ്പെടുത്തും.

2- ദില്ലി,ഹരിയാന, യുപി എന്നിവിടങ്ങളിലെ കേസുകൾ പിൻവലിക്കും

3- മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക്‌ 5 ലക്ഷം വീതം നഷ്ടപരിഹാരം.

4- വൈദ്യുതി ഭേദഗതി ബില്ലിൽ എല്ലാവരുമായി സമഗ്ര ചർച്ച നടത്തും.

5- മലിനീകരണ നിയന്ത്രണ നിയമത്തിലെ കർഷകർക്കെതിരായ ക്രമിനൽ നടപടി നീക്കം ചെയ്യും.

കർഷകർ  വിട്ടുവീഴ്ച്ച ചെയ്ത വിഷയങ്ങൾ

1- താങ്ങുവില നിയമപരമാക്കുക

2- ലഖീംപൂർ സംഭവത്തിൽ കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയുടെ രാജി