ചികിത്സ കിട്ടാതെ 11 കാരി മരിച്ച സംഭവത്തില്‍ പിതാവും പിടിയില്‍

കണ്ണൂരില്‍ 11 കാരി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ പിതാവ് പിടിയില്‍. നാലുവയല്‍ ഹിദായത്ത് വീട്ടില്‍ അബ്ദുള്‍ സത്താര്‍ ആണ് അറസ്റ്റിലായത്. പനി ബാധിച്ച കുട്ടിക്ക് ജപിച്ചൂതിയ വെള്ളം കൊടുത്ത നാലുവയല്‍ കുഞ്ഞിപ്പള്ളി ഉസ്താദ് ഉവൈസ് രാവിലെ കസ്റ്റഡിയിലായിരുന്നു. ഇയാളുടെ അറസ്റ്റും രേഖപ്പെടുത്തി.
പനി ബാധിച്ച ഫാത്തിമയ്ക്ക് വ്യാജ ചികിത്സ നല്‍കിയതിനും വൈദ്യസഹായം നിഷേധിച്ചതിനുമാണ് പിതാവിനെയും ഉസ്താദിനെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. മനഃപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ചും കേസെടുത്തിട്ടുണ്ട്.
അബ്ദുള്‍ സത്താറിന്റെ മകള്‍ ഫാത്തിമയാണ് പനി ബാധിച്ച് ചികിത്സ കിട്ടാതെ മരിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം. കൃത്യസമയത്ത് ചികിത്സ കിട്ടാതിരുന്നതും വ്യാജ ചികിത്സയുമാണ് മരണത്തിന് കാരണമായതെന്ന് ആരോപണമുയര്‍ന്നിരുന്നു. സംഭവത്തില്‍ പോലീസും ബാലാവകാശ കമ്മീഷനും കേസെടുത്തിരുന്നു.