ഫിഫ വനിതാ ലോകകപ്പ്; ഫിലിപ്പീൻസിന് ആദ്യ ജയം
ഫിഫ വനിതാ ലോകകപ്പിൽ സഹ-ആതിഥേയരായ ന്യൂസിലൻഡിനെ ഞെട്ടിച്ച് ഫിലിപ്പീൻസിന് ആദ്യ ജയം. ഗ്രൂപ്പ് എ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ജയം. അതേസമയം മത്സരത്തിൽ ന്യൂസിലൻഡ് ഒരു ഗോൾ നേടിയെങ്കിലും ഇത് അനുവദിക്കപ്പെട്ടില്ല. ഫിലിപ്പീൻസിന്റെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് വിജയമാണിത്.
ലോകകപ്പിൽ ആദ്യമായി നോക്കൗട്ടിലേക്ക് മുന്നേറുക എന്ന ലക്ഷ്യത്തോടെയാണ് കിവീസ് വനിതകൾ കളത്തിലിറങ്ങിയത്. ആദ്യ വിസിൽ മുതൽ ബോൾ പൊസഷനിൽ ആധിപത്യം പുലർത്തിയ ന്യൂസിലൻഡ്, ഗോൾ നേടാനുള്ള നിരവധി അവസരങ്ങൾ സൃഷ്ടിച്ചു. എന്നാൽ സറീന ബോൾഡന്റെ 24-ാം മിനിറ്റിലെ ഹെഡറാണ് കളി നിർണയിച്ചത്. ഫിലിപ്പീൻസിന്റെ ചരിത്ര മാച്ച് വിന്നർ ഗോളായിരുന്നു അത്. കിവി ഫുട്ബോൾ ആരാധകരെക്കൊണ്ട് നിറഞ്ഞ സ്റ്റേഡിയത്തെ നിശബ്ദമാക്കികൊണ്ടായിരുന്നു സറീന ബോൾഡന്റെ ഗോൾ പിറന്നത്.
ന്യൂസിലൻഡ് പ്രതിരോധത്തിൽ ഉണ്ടായ താളം തെറ്റൽ സറീന മുതലെടുക്കുകയായിരുന്നു. ഗോൾ വഴങ്ങിയ ശേഷം ന്യൂസിലൻഡ് വർധിത വീര്യത്തോടെ കളിച്ചെങ്കിലും ആദ്യ പകുതിയിൽ ഗോൾ നേടാനായില്ല. ഹാഫ് ടൈമിന് മുമ്പ് ഒരുപിടി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും പാഴാക്കിയിരുന്നു. രണ്ടാം പകുതിയിൽ ഫിലിപ്പീൻസിനെതിരെ ന്യൂസിലൻഡ് സർവ്വ ശക്തിയുമെടുത്തെങ്കിലും ഫലമുണ്ടായില്ല.
68-ാം മത്സരത്തിൽ ഹന്ന വിൽക്കിൻസന്റെ ക്രോസിൽ നിന്ന് ജാക്വി ഹാൻഡ് സമനില ഗോൾ കണ്ടെത്തി. ന്യൂസിലൻഡ് ആഘോഷം തുടങ്ങുന്നതിന് മുമ്പ് വിൽക്കിൻസൺ ഓഫ്സൈഡാണെന്ന് റഫറി വിധിച്ചു. ഇതോടെ സമനില ഗോൾ നിഷേധിക്കപ്പെട്ടു. ഫിലിപ്പീൻസ് കീപ്പർ മക്ഡാനിയേലിന്റെ മികച്ച സേവുകൾ ഫിലിപ്പീൻസ് വിജയത്തിൽ നിർണായകമായി. ഞായറാഴ്ച ന്യൂസിലൻഡ് സ്വിറ്റ്‌സർലൻഡിനെയും ഫിലിപ്പീൻസ് നോർവെയെയും നേരിടും.