ഒടുവിൽ തീരുമാനം; വി.ഡി. സതീശൻ മുഖ്യമന്ത്രി

11 ദിവസത്തെ കാത്തിരിപ്പ്
 | 
vd satheeshan

ഒടുവിൽ വടശ്ശേരി ദാമോദരൻ സതീശൻ എന്ന വി.ഡി.സതീശൻ കേരള മുഖ്യമന്ത്രി. തെരഞ്ഞെടുപ്പ് ഫലം വന്ന് 11 ദിവസത്തെ കാത്തിരിപ്പി​നൊടുവിലാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത്.

കെ.സി. വേണുഗോപാൽ​, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നീ മുതിർന്ന നേതാക്കൾ മുഖ്യമന്ത്രി പദവിക്കായി അവകാശവാദമുന്നയിച്ച് അവസാന നിമിഷം വരെ കടുംപിടുത്തം തുടർന്നത് പാർട്ടിയെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. പലതട്ടുകളിലായി വിവിധ സമയങ്ങളിൽ നടന്ന മാരത്തോൺ ചർച്ചകൾക്ക് ശേഷമാണ് ആരെന്ന കാര്യത്തിൽ സമവായത്തിലെത്തിയത്.

10 വർഷത്തെ ഇടത് ഭരണത്തിന് വിരാമിട്ട് കേരളം ആരുടെ കൈകളിലേൽപ്പിക്കുമെന്നതിന് കക്ഷിരാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കുന്നവരുൾപ്പെടെ കണ്ടത് വി.ഡി. സതീശനെയാണ്. അതാണ്, ഇപ്പോൾ യാഥാർഥ്യമായത്. പറവൂരിന്റെ മനസറിഞ്ഞ മനുഷ്യൻ ​ഇനി കേരളത്തിന്റെ മുഴുവൻ മനസാക്ഷി സൂക്ഷിപ്പുകാരനാവുകയാണ്.

ഇത്തവണ 100 തികച്ചില്ലെങ്കിൽ രാഷ്ട്രീയ വനവാസമാണെന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ടാണ് സതീശൻ വിസ്മയം തീർത്തത്. സതീശനൊഴികെ മറ്റ് നേതാക്കളാരും 100 എന്ന മാന്ത്രിക സഖ്യയിൽ വിശ്വാസമർപ്പിച്ചിരുന്നില്ല. ഫലം പുറത്തുവന്നപ്പോൾ കേരളമാകെ യു.ഡി.എഫ് തരംഗം. 102ലെത്തി നിൽക്കുന്ന രാഷ്ട്രീയ മുന്നേറ്റമാണ് നാട് കണ്ടത്. കോൺഗ്രസിനകത്തും പുറത്തും ജനഹിതമറിഞ്ഞ സമീപനങ്ങൾ കൊണ്ട് സതീശൻ നിലപാടുകളുടെ രാജകുമാരനായി.