തദ്ദേശസ്ഥാപനങ്ങളുടെ തനതു ഫണ്ട് ട്രഷറി അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് ധനവകുപ്പ്; എതിര്‍പ്പുമായി മന്ത്രി എം.വി.ഗോവിന്ദന്‍

 | 
Ministers
തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറി അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന ധനവകുപ്പിന്റെ ഉത്തരവിനെതിരെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറി അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന ധനവകുപ്പിന്റെ ഉത്തരവിനെതിരെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍. ധനവകുപ്പിന്റെ ഉത്തരവ് സ്വയംഭരണത്തെ ബാധിക്കുമെന്ന് മന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പഞ്ചായത്ത് രാജ് നിയമപ്രകാരം പണം വിനിയോഗിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. ധനവകുപ്പ് ഇറക്കിയ ഉത്തരവിന്റെ നിയമസാധുത പരിശോധിക്കുമെന്നും മന്ത്രി നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.

ഉത്തരവ് അധികാര വികേന്ദ്രീകരണത്തെ ഇല്ലാതാക്കുമെന്ന ആക്ഷേപത്തെ ഗൗരവമായി കാണുന്നു. തദ്ദേശ വകുപ്പുമായി കൂടിയാലോചനയോ ചര്‍ച്ചയോ ഇല്ലാതെയാണ് ധനവകുപ്പിന്റെ തീരുമാനമെന്നും മന്ത്രി എം.വി.ഗോവിന്ദന്‍ പറഞ്ഞു. ഉത്തരവിറക്കിയത് തദ്ദേശ വകുപ്പുമായി ചര്‍ച്ച ചെയ്യാതെയാണെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

2022 ഏപ്രില്‍ ഒന്ന് മുതല്‍ വാടക, നികുതി ഇനത്തില്‍ ലഭിക്കുന്ന തനത് ഫണ്ട് ട്രഷറിയില്‍ നിക്ഷേപിക്കമെന്നാണ് ഉത്തരവ്. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനല്ലെന്നും ട്രഷറിയിലെ ധനകാര്യ മാനേജ്മെന്റിന്റെ ഭാഗമായിട്ടാണ് ഉത്തരവെന്നും ധനമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യത്തിലാണ് മന്ത്രിമാരുടെ വിശദീകരണം.