അഞ്ചു വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായി; ആലുവയില്‍ നടന്നത് അതിക്രൂര കൊലപാതകം

ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായതായി സൂചന. പ്രാഥമിക പരിശോധനയില്‍ ഇതു സംബന്ധിച്ച് സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. കുട്ടിയുടെ തലയില്‍ കല്ലുകൊണ്ട് അടിച്ചതായി വ്യക്തമായിട്ടുണ്ട്. സ്വകാര്യ ഭാഗങ്ങളില്‍ മുറിവുകളുണ്ടെന്ന് ഇന്‍ക്വസ്റ്റ് പരിശോധനയില്‍ വ്യക്തമായി.
അഷ്ഫാഖ് അസം എന്ന ബിഹാര്‍ സ്വദേശിയാണ് ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ കുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് മുതല്‍ കാണാതായ കുട്ടിയുടെ മൃതദേഹം ഇന്ന് ആലുവ മാര്‍ക്കറ്റിന് സമീപത്തു നിന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയുമായി ഇയാള്‍ ആലുവ മാര്‍ക്കറ്റിനു പിന്‍വശത്തേക്ക് പോകുന്നത് ചിലര്‍ കണ്ടിരുന്നു.
പെണ്‍കുട്ടി തന്റെ മകളാണെന്നാണ് പ്രതി വിശദീകരിച്ചത്. മദ്യപിക്കാന്‍ പോകുകയാണെന്നും വിവരം തിരക്കിയവരോട് ഇയാള്‍ പറഞ്ഞു. പിന്നീട് മാര്‍ക്കറ്റിനു പിന്നിലെ കാട്ടില്‍ എത്തിച്ച് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സൂചന. കുട്ടിയുമായി അഷ്ഫാഖ് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തേ കിട്ടിയിരുന്നു. വെള്ളിയാഴ്ച തന്നെ ഇയാള്‍ പിടിയിലായിരുന്നെങ്കിലും കുട്ടിയെക്കുറിച്ചുള്ള വിവരങ്ങള്‍ മദ്യലഹരിയിലായിരുന്ന അഷ്ഫാഖില്‍ നിന്ന് ലഭിച്ചിരുന്നില്ല.
ഇന്ന് രാവിലെയാണ് പ്രതി കുറ്റം സമ്മതിച്ചത്. ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആലുവ മാര്‍ക്കറ്റിന് സമീപം പെരിയാറിന്റെ തീരത്തു നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.