കോണ്‍ഗ്രസ് സ്ഥാപകദിനത്തില്‍ ഉയര്‍ത്തിയ പതാക പൊട്ടി താഴെവീണു; ക്ഷുഭിതയായി വേദി വിട്ട് സോണിയ, വീഡിയോ

 | 
Congress

സ്ഥാപക ദിനത്തില്‍ ഉയര്‍ത്തിയ കോണ്‍ഗ്രസ് പതാക പൊട്ടി വീണു. കോണ്‍ഗ്രസിന്റെ 137-ാം സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പതാക ഉയര്‍ത്തുന്നതിനിടെയാണ് സംഭവം. കയര്‍ പൊട്ടി സോണിയയുടെ മേലാണ് പതാക പതിച്ചത്. താഴെവീണ പതാക വീണ്ടും ഉയര്‍ത്താന്‍ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതിനിടെ ക്ഷുഭിതയായ സോണിയ വേദി വിട്ടതായാണ് വിവരം.

രാവിലെ 9.45ഓടെ എഐസിസി ആസ്ഥാനത്താണ് സംഭവം. സേവാദള്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തശേഷമായിരുന്നു പതാക ഉയര്‍ത്തല്‍. പതാക ഉയര്‍ത്തിയതിന് ശേഷം കയര്‍ വലിച്ചപ്പോള്‍ പതാക കെട്ടുപൊട്ടി താഴേക്ക് പതിക്കുകയായിരുന്നു. ഇതോടെ അല്‍പനേരം നിന്ന ശേഷം സോണിയ എഐസിസി ആസ്ഥാനത്തെ തന്റെ മുറിയിലേക്ക് പോയി. പിന്നീട് സോണിയയെ തിരികെയെത്തിക്കാന്‍ സേവാദള്‍ പ്രവര്‍ത്തകര്‍ക്ക് ഏറെ ബുദ്ധിമുട്ടേണ്ടി വന്നുവെന്നാണ് റിപ്പോര്‍ട്ട്.

രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാല്‍ തുടങ്ങിയവരുടെയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍ അടക്കമുള്ളവരുടെയും സാന്നിധ്യത്തിലായിരുന്നു സംഭവം. പതാക ഉയര്‍ത്തലിന്റെ ചുമതലയുണ്ടായിരുന്നവര്‍ക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന.