ദിലീപിന്റെ വീട്ടിലെ റെയ്ഡ് തോക്കിന് വേണ്ടി? ദിലീപിന് തോക്ക് ലൈസന്‍സ് ഇല്ലെന്ന് പോലീസ്

 | 
Dileep

ദിലീപിന്റെയും സഹോദരന്റെയും വീട്ടില്‍ നടക്കുന്ന ക്രൈംബ്രാഞ്ച് പരിശോധന തോക്ക് തേടിയെന്ന് സൂചന. ബാലചന്ദ്രകുമാറിന്റെ മൊഴിയിലാണ് ദിലീപിന്റെ കൈവശമുണ്ടായിരുന്ന തോക്ക് സംബന്ധിച്ച് സൂചനയുള്ളത്. ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ പറയുന്ന കാര്യങ്ങളില്‍ വ്യക്തയുണ്ടാക്കുന്നതിനു കൂടിയാണ് റെയ്‌ഡെന്നാണ് വിവരം.

പോലീസ് ഉദ്യോഗസ്ഥരെ വധിക്കാനുള്ള ഗൂഢാലോചന നടക്കുമ്പോള്‍ ദിലീപിന്റെ കയ്യില്‍ തോക്കുണ്ടായിരുന്നുവെന്നാണ് ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയത്. അതേസമയം ദിലീപിന് തോക്ക് സൂക്ഷിക്കാനുള്ള ലൈസന്‍സ് ഇല്ലെന്നാണ് ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. ദിലീപിന്റെ വസതിയായ പത്മസരോവരത്തില്‍ വെച്ചായിരുന്നു ഗൂഢാലോചന നടത്തിയതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.

മൂന്നിടങ്ങളിലായി നടക്കുന്ന റെയ്ഡ് മണിക്കൂറുകള്‍ പിന്നിടുകയാണ്. പോലീസ് സംഘം എത്തിയപ്പോള്‍ വീടിന്റെ ഗേറ്റ് തുറന്നിരുന്നില്ല. ഇതേത്തുടര്‍ന്ന് പോലീസ് ഗേറ്റ് ചാടിക്കടന്നിരുന്നു. ഇതിന് പിന്നാലെ ദിലീപിന്റെ സഹോദരിയെത്തി ഗേറ്റ് തുറന്നു കൊടുക്കുകയായിരുന്നു. ദിലീപിന്റെ സഹോദരന്‍ അനൂപും പിന്നീട് ദിലീപും വീട്ടിലെത്തി.