പി ടി സെവന് ശസ്ത്രക്രിയ നടത്താൻ ഒരുങ്ങി വനംവകുപ്പ്

 | 
p t sevan

വനംവകുപ്പ് കൂട്ടിലടച്ച പി ടി സെവൻ  എന്ന കൊമ്പന്റെ കാഴ്ച ശക്തി തിരിച്ചുകിട്ടുന്നതിന് ശസ്ത്രക്രിയ നടത്താൻ ഒരുങ്ങി വനംവകുപ്പ്. കാഴ്ച ശക്തിയില്ലാത്ത വലതു കണ്ണിന് പത്തുദിവസത്തിനകം ശസ്ത്രക്രിയ നടത്താനാണ് വനംവകുപ്പിന്റെ തീരുമാനം. ഫോറസ്റ്റ് ചീഫ് വെറ്ററിനറി സർജൻ ഡോ അരുൺ സക്കറിയുടെ നേതൃത്വത്തിൽ കാട്ടാനയുടെ ആരോഗ്യസ്ഥിതി വിലയിരുത്തി.

ആഴ്ചകൾക്ക് മുൻപാണ് പി ടി സെവന്റെ വലതു കണ്ണിന് കാഴ്ചയില്ലെന്ന മെഡിക്കൽ റിപ്പോർട്ട് ഹൈക്കോടതി നിയോഗിച്ച സമിതിക്ക് വനംവകുപ്പ് കൈമാറിയത്. ഏറെക്കാലം പാലക്കാട് ധോണിയെ വിറപ്പിച്ച പി ടി സെവനെ ആറു മാസങ്ങൾക്ക് മുമ്പാണ് ദൗത്യസേന പിടികൂടി ധോണി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റിയത്.

മയക്കു വെടിവെച്ച് പിടികൂടുമ്പോൾ തന്നെ കണ്ണിന് കാഴ്ചശക്തിയില്ലായിരുന്നു എന്നായിരുന്നു റിപ്പോർട്ടിൽ പറയുന്നത്. പിടികൂടുമ്പോൾ ആനയുടെ ശരീരത്തിൽ പെല്ലറ്റുകൾ കണ്ടെത്തിയിരുന്നു.പെല്ലറ്റ് തറച്ചോ മറ്റേതെങ്കിലും അപകടത്തിൽപ്പെട്ടോ കാഴ്ചശക്തി നഷ്ടപ്പെട്ടതാകാമെന്നാണ് നിഗമനം. മരുന്ന് നൽകിയിട്ടും കാഴ്ചശക്തിയിൽ മാറ്റമില്ലാത്തതിനെ തുടർന്നാണ് ശസ്ത്രക്രിയ നടത്താൻ വനംവകുപ്പ് ഒരുങ്ങുന്നത്.