ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു അറസ്റ്റിൽ
Updated: Sep 9, 2023, 10:36 IST
| അമരാവതി: തെലുഗുദേശം പാർട്ടി അദ്ധ്യക്ഷനും ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ എൻ ചന്ദ്രബാബു നായിഡു അറസ്റ്റിൽ. എപി സ്‌കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ അഴിമതിക്കേസിലാണ് അറസ്റ്റ്. നന്ദ്യാൽ പൊലീസാണ് ചന്ദ്ര ബാബു നായിഡുവിനെ അറസ്റ്റ് ചെയ്തത്. നന്ദ്യാൽ റേഞ്ച് ഡിഐജി രഘുരാമി റെഡ്ഡിയുടെയും ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെയും നേതൃത്വത്തിൽ പുലർച്ചെ 3 മണിയോടെയാണ് കസ്റ്റഡിയിലെടുത്തത്. ആർകെ ഫംഗ്ഷൻ ഹാളിൽ സംഘം എത്തുമ്പോൾ ചന്ദ്രബാബു നായിഡു അദ്ദേഹത്തിന്റെ കാരവനിൽ വിശ്രമിക്കുകയായിരുന്നു.
കസ്റ്റഡിയിലെടുക്കുന്നത് തടയാൻ വൻതോതിൽ ടിഡിപി പ്രവർത്തകർ തടിച്ചുകൂടിയിയെങ്കിലും ഇതിനെ മറികടന്ന് പൊലീസ് നീങ്ങുകയായിരുന്നു. അറസ്റ്റ് സംബന്ധിച്ച നോട്ടീസും ചന്ദ്രബാബുവിന് കൈമാറി. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്.