മധ്യപ്രദേശ് മുൻ മന്ത്രിയും ബിജെപി നേതാവുമായ റുസ്തം സിങ് പാർട്ടി വിട്ടു

 | 
 nd

മധ്യപ്രദേശിൽ മുതിർന്ന ബിജെപി നേതാവും മധ്യപ്രദേശ് മുൻ മന്ത്രിയുമായ റുസ്തം സിങ് പാർട്ടി വിട്ടു. ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും രാജിവയ്ക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ വിഷ്ണു ദത്ത് ശർമയ്ക്ക് അയച്ച കത്തിൽ അദ്ദേഹം അറിയിച്ചു. മധ്യപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തമാസം നടക്കാനിരിക്കെയാണ് മുൻ മന്ത്രിയുടെ രാജി.

റുസ്തം സിങ്ങിന്റെ മകൻ രാകേഷ് സിങ് ബിഎസ്പി സ്ഥാനാർഥിയായി മൊറേന മണ്ഡലത്തിൽനിന്ന് മത്സരിക്കുന്നുണ്ട്. ഗ്വാളിയോർ-ചമ്പൽ മേഖലയിൽ നിന്നുള്ള ഗുർജാർ നേതാവാണ് റുസ്തം സിങ്. 2003ൽ ഐപിഎസ് പദവി ഉപേക്ഷിച്ചാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്. 2003-2008, 2013-2018 കാലഘട്ടങ്ങളിൽ എംഎൽഎ ആയിരുന്നു.

2003 മുതൽ 2008 വരെയും 2015 മുതൽ 2018 വരെയും രണ്ടു തവണ മന്ത്രിയായി. മൊറേനയിൽ മകനുവേണ്ടി പ്രചാരണം നടത്തുന്നതിന് അദ്ദേഹം ബിജെപി വിട്ടേക്കുമെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു.