മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ ആര്‍എസ്എസ് ആസ്ഥാനത്ത്; മോഹന്‍ ഭഗവതിനെ സന്ദര്‍ശിച്ചു

ആര്‍എസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂര്‍ ആണ് ബോബ്‌ഡെയുടെ നാട്.
 | 
Bobde
ഇന്ത്യയുടെ മുന്‍ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ ആര്‍എസ്എസ് ആസ്ഥാനത്ത് എത്തിയതായി റിപ്പോര്‍ട്ട്

നാഗ്പൂര്‍: ഇന്ത്യയുടെ മുന്‍ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ ആര്‍എസ്എസ് ആസ്ഥാനത്ത് എത്തിയതായി റിപ്പോര്‍ട്ട്. നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തെത്തിയ ബോബ്‌ഡെ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതുമായി കൂടിക്കാഴ്ച നടത്തിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആര്‍എസ്എസ് വൃത്തങ്ങള്‍ ഇങ്ങനെയൊരു കൂടിക്കാഴ്ചയുടെ വാര്‍ത്ത നിഷേധിച്ചെങ്കിലും ഇക്കാര്യം ചില വൃത്തങ്ങള്‍ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. 

ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്കും 5നും ഇടയിലായാണ് കൂടിക്കാഴ്ച നടന്നത്. ആദ്യം മോഹന്‍ ഭഗവതുമായി കൂടിക്കാഴ്ച നടത്തിയ ബോബ്‌ഡെ പിന്നീട് ആര്‍എസ്എസ് സ്ഥാപകന്‍ കെ.ബി.ഹെഡ്‌ഗേവാറിന്റെ വീട് സന്ദര്‍ശിക്കുകയും ചെയ്തു. ആര്‍എസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂര്‍ ആണ് ബോബ്‌ഡെയുടെ നാട്.

കഴിഞ്ഞ വര്‍ഷം നാഗ്പൂരിലെ ഒരു ബിജെപി നേതാവിന്റെ മകന്റെ ഉടമസ്ഥതയിലുള്ള ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കില്‍ ഇരിക്കുന്ന ബോബ്‌ഡെയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ എത്തിയത് വിവാദമായിരുന്നു. ഹെല്‍മെറ്റും മാസ്‌കും ഇല്ലാതെയായിരുന്നു ബോബ്‌ഡെ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. 

ബോബ്‌ഡെയ്ക്ക് മുന്‍പ് ചീഫ് ജസ്റ്റിസായിരുന്ന രഞ്ജന്‍ ഗോഗോയിയെ അടുത്തിടെയാണ് ബിജെപി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. ഗോഗോയിയുടെ കാലത്താണ് റഫാല്‍ ഇടപാടില്‍ ബിജെപി സര്‍ക്കാരിന് സുപ്രീം കോടതി ക്ലീന്‍ ചിറ്റ് നല്‍കിയത്.