പി.സി.ജോര്‍ജിനെ വീട്ടിലെത്തി സന്ദര്‍ശിച്ച് ഫ്രാങ്കോ മുളയ്ക്കല്‍

 | 
PC George

കന്യാസ്ത്രീ പീഡനക്കേസില്‍ വെറുതെ വിട്ടതിന് പിന്നാലെ പി.സി.ജോര്‍ജിനെ വീട്ടിലെത്തി സന്ദര്‍ശിച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. രാവിലെ 10 മണിക്ക് ഈരാറ്റുപേട്ടയിലെ ജോര്‍ജിന്റെ വീട്ടിലെത്തിയ ഫ്രാങ്കോ മുളയ്ക്കല്‍ 10 മിനിറ്റോളം അടച്ചിട്ട മുറിയില്‍ സംസാരിച്ചു. പി.സി.ജോര്‍ജിന്റെ മകനും ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോണ്‍ ജോര്‍ജ്, അരുവിത്തുറ പള്ളി വികാരി ഫാ. ഡോ.അഗസ്റ്റിന്‍ പാലക്കപ്പറമ്പില്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

കാത്തുനിന്ന് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാതെയായിരുന്നു ഫ്രാങ്കോ മടങ്ങിയത്. പണവും സ്വാധീനവും ഉപയോഗിച്ച കേസ് അട്ടിമറിക്കുകയായിരുന്നു എന്ന ആരോപണം ഉണ്ടല്ലോ എന്ന ചോദ്യത്തിന് മാത്രം മറുപടി നല്‍കി. കസ് തുടങ്ങിയപ്പോള്‍ മുതല്‍ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു എന്നായിരുന്നു മറുപടി.

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെയുണ്ടായത് ദൈവവിശ്വാസം ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നായിരുന്നു പി.സി.ജോര്‍ജിന്റെ പ്രതികരണം. ബ്ലാക്ക് മാസ് പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്നും ശബരിമല വിശ്വാസം തകര്‍ക്കാന്‍ ശ്രമിച്ചവരും ഇതിനു സഹായം ചെയ്തിട്ടുണ്ടെന്നും ജോര്‍ജ് പറഞ്ഞു. ഫ്രാങ്കോയ്‌ക്കെതിരെ ആരോപണം ഉയര്‍ന്നതു മുതല്‍ പി.സി.ജോര്‍ജ് പിന്തുണ നല്‍കിയിരുന്നു. പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെ ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമാകുകയും ചെയ്തിരുന്നു.