സിബിഐ കൂട്ടിലടച്ച തത്ത; തുറന്നു വിടണമെന്ന് മദ്രാസ് ഹൈക്കോടതി

 | 
high court of madras

ചെന്നൈ: സി ബി ഐക്കു കൂടുതൽ അധികാരങ്ങൾ നൽകി സ്വതന്ത്ര പറവയാക്കണമെന്ന് മദ്രാസ് ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇലക്ഷൻ കമ്മീഷനെയും സി എ ജിയെയും പോലെ കൂടുതൽ അധികാരങ്ങളും സ്വാതന്ത്ര്യങ്ങളും സി ബി ഐക്കു നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ ഇതിനു വേണ്ടി പ്രത്യേകം നിയമം കൊണ്ടുവരണമെന്നും കൂട്ടിലടച്ച തത്തയെ പറത്തിവിടേണ്ട സമയമായി എന്നും കോടതി നിരീക്ഷിച്ചു. എൻ കിരുബാകരൻ, ബി പുഗലേന്തി എന്നിവരടങ്ങിയ മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബഞ്ചാണ് ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്.


യു പി എ ഭരണകാലത്ത് സുപ്രീം കോടതിയാണ് സി ബി ഐ കൂട്ടിലിട്ട തത്തയാണെന്ന പ്രസിദ്ധമായ നിരീക്ഷണം നടത്തിയത്. ബി ജെ പി അധികാരത്തിൽ വന്നപ്പോൾ സി ബി ഐയെ ബി ജെ പി രാഷ്ട്രീയപരമായ നേട്ടങ്ങൾക്കു വേണ്ടി ഉപയോഗിക്കുന്നുവെന്ന് കോൺഗ്രസും ആരോപിച്ചിരുന്നു.


വിവാദ കേസുകൾ വരുമ്പോഴും ലോക്കൽ പൊലീസ് അന്വേഷണത്തിൽ ഉഴപ്പുന്നുവെന്ന് തോന്നുമ്പോഴും സി ബി ഐ അന്വേഷണത്തിന് വേണ്ടി ഇപ്പോഴും ആവശ്യം ഉയരുന്നുണ്ടെന്നും ഇത് സി ബി ഐക്ക് രാജ്യത്തുള്ള മതിപ്പിന്റെ ഉദാഹരണമാണെന്ന് കോടതി സൂചിപ്പിച്ചു. എന്നാൽ അടുത്ത കാലങ്ങളിൽ ഒരു അന്വേഷണം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടാൽ മതിയായ സൗകര്യങ്ങളോ അന്വേഷണ ഉദ്യോഗസ്ഥരോ ഇല്ലെന്ന കാരണം കാണിച്ച് സി ബി ഐ അന്വേഷണത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയാണെന്ന് കോടതി പറഞ്ഞു. ഈ ഒഴിഞ്ഞുമാറൽ അന്വേഷണ ഏജൻസിക്ക് മതിയായ സ്വാതന്ത്ര്യം ഇല്ലെന്ന പ്രതീതി ഉണ്ടാക്കുന്നുണ്ടെന്നും അത് മാറേണ്ട സമയമായെന്നു കോടതി നിരീക്ഷിച്ചു.