അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് ഇനി കെഎസ്ആർടിസിയിലും സ്വകാര്യ ബസ്സുകളിലും സൗജന്യ യാത്ര
അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് ഇനി വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് കെഎസ്ആർടിസിയിലും സ്വകാര്യ ബസ്സുകളിലും സൗജന്യ യാത്ര ചെയ്യാം. നവംബർ ഒന്ന് മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. ഇത് സംബന്ധിച്ച് ഗതാഗത വകുപ്പ് ഉത്തരവിറക്കി.
പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരുന്നതോടെ സംസ്ഥാനത്ത് അതിദരിദ്രമെന്ന് കണ്ടെത്തിയ 64,000 കുടുംബങ്ങളിലെ വിദ്യാർഥികളുടെ യാത്ര പൂർണമായും സൗജന്യമാകും. നിലവിൽ ഹയർ സെക്കൻഡറി വരെ മുഴുവൻ വിദ്യാർത്ഥികൾക്കും കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രയാണ്. കോളജ് തലത്തിൽ മാനദണ്ഡങ്ങൾ പരിഗണിച്ച് കൺസഷൻ നിരക്കുണ്ട്. സ്വകാര്യ ബസുകളിലും കൺസഷൻ നിരക്കാണുള്ളത്.
പത്താം തരം കഴിഞ്ഞ കുട്ടികൾക്ക് തൊട്ടടുത്ത സ്കൂളിൽ പഠിക്കാൻ സൗകര്യം ഏർപ്പെടുത്തും. ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്, സ്റ്റൈപന്റ്, കോളജ് കാന്റീനിൽ സൗജന്യഭക്ഷണം എന്നിവ നൽകും.
2025 നവംബർ ഒന്നിന് അതിദരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുകയാണ് ഇതിലൂടെ ലക്‌ഷ്യം വെയ്ക്കുന്നത്.