സ്ത്രീകളെയും പിഞ്ചു കുഞ്ഞുങ്ങളെയും കൊല്ലുന്നത് ഇസ്രയേൽ അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ
ഗാസയിൽ ഇസ്രായേൽ നടത്തി വരുന്ന ആക്രമണത്തിനെതിരെ ഫ്രാൻസ്. സ്ത്രീകളെയും പിഞ്ചു കുഞ്ഞുങ്ങളെയും കൊല്ലുന്നത് ഇസ്രായേൽ അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആവശ്യപ്പെട്ടു. ഇപ്പോൾ നടത്തിവരുന്ന ബോംബാക്രമണത്തെ ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. വെടിനിർത്തൽ ഇസ്രായേലിനു തന്നെയായിരിക്കും ഗുണം ചെയ്യുകയെന്നും മാക്രോൺ പറഞ്ഞു. ബിബിസി അഭിമുഖത്തിലാണ് ഫ്രഞ്ച് പ്രസിഡന്റ് ഇസ്രായേലിനെതിരെ രംഗത്തെത്തിയത്.
ഇസ്രായേലിന്റെ സ്വയം സംരക്ഷിക്കാനുള്ള അവകാശത്തെ അംഗീകരിക്കുന്നുണ്ടെങ്കിലും ബോംബാക്രമണം അവസാനിപ്പിക്കാൻ അവരോട് ആവശ്യപ്പെടുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. അമേരിക്കയുടെയും യുകെയുടെയും നേതാക്കൾ വെടിനിർത്തലിന് ആവശ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മാക്രോൺ കൂട്ടിച്ചേർത്തു.
അതേസമയം ഇസ്രായേലിനെയല്ല, ഹമാസിനെയാണ് അപലപിക്കേണ്ടതെന്നായിരുന്നു ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചത്. ഗാസയിൽ ഹമാസ് നടത്തുന്ന കുറ്റകൃത്യങ്ങൾ നാളെ പാരീസിലും ന്യൂയോർക്കിലും ലോകത്ത് എവിടെയും നടക്കുമെന്നും നെതന്യാഹു പറഞ്ഞു.