തിരുവല്ലത്ത് ബൈക്ക് അപകടത്തിൽ സുഹൃത്തുക്കൾ മരിച്ചത് കാർ പിന്നിൽ ഇടിച്ച്
തിരുവല്ലം ടോള്‍ പ്ലാസയ്ക്കു സമീപം ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ച സംഭവത്തിൽ വഴിത്തിരിവ്. നിയന്ത്രണം തെറ്റി ബൈക്ക് ഡിവൈഡറിൽ ഇടിച്ചാണ് ഇരുവരും മരിച്ചതെന്നായിരുന്നു നിഗമനം. എന്നാൽ പൊലീസിനു തോന്നിയ സംശയം കേസിൽ വഴിത്തിരിവായി. ബൈക്കിന്റെ ഹാൻഡിലിൽ കണ്ട പെയിന്റിൽ പൊലീസിനു സംശയം തോന്നിയതാണ് കേസിൽ വഴിത്തിരിവായത്. ബൈക്കിനു പിന്നിൽ കാറിടിച്ചതാണ് അപകട കാരണമെന്നാണ് കണ്ടെത്തിയത്. കാർ ഓടിച്ച മലയിന്‍കീഴ് സ്വദേശി വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ബൈക്കിനു പിന്നിൽ ഇടിച്ച കാർ നിർത്താതെ പോവുകയായിരുന്നു. കാർ മലയിൻകീഴിലെ വീട്ടിൽനിന്നു കണ്ടെത്തി. ഇടിച്ചിട്ട് നിർത്താതെ പോയതാണെന്നു വിഷ്ണു പൊലീസിനോടു സമ്മതിച്ചു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. എറണാകുളം സ്വദേശി നവീന്‍ സിബി (25), തൊടുപുഴ സ്വദേശിനി മൃദുല ആന്‍ ഉമ്മന്‍ (25) എന്നിവരാണ് മരിച്ചത്.
