ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ തുടരന്വേഷണം; നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടണമെന്ന് കേരളം സുപ്രീം കോടതിയില്‍
നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് കൂടുതല്‍ സമയം ആവശ്യപ്പെട്ട് സംസ്ഥാനം സുപ്രീം കോടതിയില്‍. സംവിധായകനും ദിലീപിന്റെ മുന്‍ സുഹൃത്തുമായ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നീക്കം. വിചാരണ പൂര്‍ത്തിയാക്കാന്‍ ആറു മാസം കൂടി അനുവദിക്കണമെന്ന് കോടതിയില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേസില്‍ ഫെബ്രുവരി 16നകം വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കണമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.
എന്നാല്‍ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം ആവശ്യമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ടെത്തലെന്ന് കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ സര്‍ക്കാര്‍ പറയുന്നു. തന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്തണമെന്ന് ബാലചന്ദ്രകുമാര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. തുടരന്വേഷണം വേണമെന്ന് ആക്രമണത്തിന് ഇരയായ നടിയും മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
കേസില്‍ വിചാരണ നീട്ടിവെക്കണമെന്ന് പ്രോസിക്യൂട്ടര്‍ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംസ്ഥാനത്തിന് വേണ്ടി സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ ആണ് അപേക്ഷ ഫയല്‍ ചെയ്തത്. കേസില്‍ ഇതുവരെ 202 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.