അമ്പലപ്പുഴയില്‍ ജി.സുധാകരന് വീഴ്ച; റിപ്പോര്‍ട്ട് നല്‍കി സിപിഎം അന്വേഷണ കമ്മീഷന്‍

 | 
Sudhakaran
അമ്പലപ്പുഴ മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുന്‍ മന്ത്രി ജി.സുധാകരന്‍ വീഴ്ച വരുത്തിയതായി സിപിഎം അന്വേഷണ കമ്മീഷന്‍.

അമ്പലപ്പുഴ മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുന്‍ മന്ത്രി ജി.സുധാകരന്‍ വീഴ്ച വരുത്തിയതായി സിപിഎം അന്വേഷണ കമ്മീഷന്‍. എളമരം കരീം, കെ.ജെ തോമസ് എന്നിവരടങ്ങിയ അന്വേഷണ കമ്മീഷനാണ് പാര്‍ട്ടിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. സുധാകരന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കിയില്ലെന്നും സ്ഥാനാര്‍ത്ഥി എച്ച്. സലാമിനെതിരായ പോസ്റ്റര്‍ പ്രചരണത്തില്‍ മൗനം പാലിച്ചുവെന്നുമാണ് കമ്മീഷന്‍ കണ്ടെത്തല്‍.

തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന വിശ്വാസത്തില്‍ സുധാകരന്‍ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. പാര്‍ട്ടി തീരുമാനം വന്നപ്പോള്‍ സീറ്റ് ലഭിച്ചില്ല. അതോടെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി എത്തിയ ആളെ പിന്തുണച്ചില്ല. സാമ്പത്തിക ബുദ്ധിമുട്ടില്‍ സഹായിച്ചില്ല എന്നിങ്ങനെയാണ് കമ്മീഷന്റെ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍.

ആലപ്പുഴയില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി പി.പി. ചിത്തരഞ്ജനെതിരെ പ്രചാരണം വന്നപ്പോള്‍ അവിടെ എം.എല്‍.എയായിരുന്ന ഡോ. തോമസ് ഐസക്ക് ഇതിനെതിരെ രംഗത്തു വന്നിരുന്നു. എന്നാല്‍ അത്തരമൊരു സമീപനം സലാമിനെതിരെ പോസ്റ്റര്‍ പ്രചാരണം ഉണ്ടായപ്പോള്‍ ജി. സുധാകരനില്‍ നിന്നും ഉണ്ടായില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

സലാമിന്റെ ആരോപണങ്ങള്‍ ശരിവെക്കുന്ന ഈ റിപ്പോര്‍ട്ട് സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ചര്‍ച്ച ചെയ്യും. അച്ചടക്ക നടപടി സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്നാണ് സൂചന. സുധാകരനോട് വീണ്ടും വിശദീകരണം തേടുന്നത് സംബന്ധിച്ച് സംസ്ഥാന സെക്രട്ടറിയേറ്റായിരിക്കും തീരുമാനം എടുക്കുക. 

സ്ഥാനാര്‍ത്ഥിയായിരുന്ന എച്ച്. സലാമിനെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. തെരഞ്ഞെടുപ്പില്‍ സലാമിനും വീഴ്ചയുണ്ടായി. തെരഞ്ഞെടുപ്പ് കമ്മിറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചില്ല. ഒരു വിഭാഗക്കാരനെന്ന പ്രചാരണത്തെ ചെറുക്കാന്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.