ഗെയ്ക്വാദും ബൗളർമാരും തിളങ്ങി; ചെന്നൈ മുംബൈയെ തോൽപ്പിച്ചു

 | 
Csk

ദുബായ്: ഐപിഎൽ രണ്ടാം ഭാഗത്തിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിന് വിജയം. മുംബൈ ഇന്ത്യൻസിനെ 20 റൺസിനാണ് ചെന്നൈ തോൽപ്പിച്ചത്. ചെന്നൈ ഓപ്പണർ ഗെയ്‌ക്വാദും ബൗളർമാരും ആണ് ദുബായ് സ്റ്റേഡിയത്തിൽ തിളങ്ങിയത്. സ്കോർ. ചെന്നൈ 156/6, മുംബൈ 136/8.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ചെന്നൈക്ക് തുടക്കം തകർച്ചയുടെ ആയിരുന്നു. ഡ്യൂപ്ലെസിസ്, മോയിൻ അലി എന്നിവർ പൂജ്യത്തിനു പുറത്തായി. പിന്നീട് വന്ന അമ്പാട്ടി റായ്‌ഡു പരിക്കേറ്റ് തിരിച്ചു പോയി, സുരേഷ് റെയ്‌ന(4) വന്ന പോലെ തിരികെ പോയി. തൊട്ടു പിന്നാലെ ധോണിയും(3). സ്കോർ 24ൽ നിൽക്കെ 4 വിക്കറ്റ് അവർക്ക് നഷ്ടമായി. പിന്നീട് ഗെയ്‌ക്വാദും ജഡേജയും ചേർന്ന് ടീമിനെ തിരികെ കൊണ്ടുവന്നു. ജഡേജ 26നും പിന്നീട് വന്ന ബ്രാവോ 8 പന്തിൽ 23 നേടിയും പുറത്തായി. ഗെയ്‌ക്വാദ് 58 പന്തിൽ 88 റൺസ് നേടി പുറത്താകാതെ നിന്നു. ആ ഒറ്റയാൾ പ്രകടനത്തിൽ 9 ഫോറും 4 സിക്‌സും ഉണ്ടായിരുന്നു. ബോൾട്ട്, ആദം മിൽനെ, ബുംമ്ര എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.

157 എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈക്ക് തുടക്കം എളുപ്പമായില്ല. അവരുടെ വിക്കറ്റുകളും കൃത്യമായി നിലംപൊത്തി. ഓപ്പണർമാരായ ഡീകോക്ക് (17), അനുമോൽപ്രീത് സിങ് (16) എന്നിവരെ ദീപക് ചാഹർ പുറത്താക്കി. സൂര്യകുമാർ യാദവ്(3), ഇഷാൻ കിഷൻ (11) എന്നിവർ പിന്നാലെ പോയി. അർധ സെഞ്ചുറി നേടിയ സൗരവ് തിവാരി മാത്രമാണ് പിടിച്ചു നിന്നത്. തിവാരി പുറത്താകാതെ 50 റൺസ് എടുത്തു. ഡിജെ ബ്രാവോ 3 വിക്കറ്റും ചാഹർ രണ്ടും വീഴ്ത്തി. 

ഗെയ്‌ക്വാദ് ആണ് കളിയിലെ കേമൻ.