ഗെയ്ക്ക്വാദിൻ്റെ സെഞ്ച്വറി പാഴായി; ചെന്നൈയെ തോൽപ്പിച്ച്‌ രാജസ്ഥാൻ പ്രതീക്ഷ നിലനിർത്തി

മുബൈക്കെതിരെ ഡൽഹിക്ക് വിജയം
 | 
Rajasthan Royals

ബാറ്റർമാർ കരുത്തു കാട്ടിയ മത്സരത്തിൽ ചെന്നൈയുടെ ഋതുരാജ്‌ ഗെയ്ക്ക്വാദിന്റെ സെഞ്ച്വറി പ്രകടനത്തെ മറികടന്ന് രാജസ്ഥാൻ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി. 190 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാൻ 17.3 ഓവറിൽ വിജയം കണ്ടു. 

ടോസ് നേടിയ റോയൽസ് ചെന്നൈ സൂപ്പർ കിങ്സിന് ബാറ്റിങ്ങിന് അയച്ചു. മികച്ച ഫോമിൽ ഉള്ള ഓപ്പണർ ഗെയ്ക്ക്വാദ്, ഫാഫ് ഡ്യൂപ്ലസിയുമായി ചേർന്ന് ടീമിന് മികച്ച തുടക്കം നൽകി. 25 റൺസ് എടുത്ത ഫാഫ് തെവത്തിയയുടെ പന്തിൽ സഞ്ജു സ്റ്റംമ്പ് ചെയ്തു പുറത്തായി എങ്കിലും ടീമിന് അടിത്തറയിടാൻ ഓപ്പണിങ് കൂട്ടുകെട്ടിന് സാധിച്ചു. പിന്നീട് വന്ന സുരേഷ് റെയ്‌ന പെട്ടന്ന് പോയെങ്കിലും മോയിൻ അലിയെ കൂട്ടുപിടിച്ചു ഗെയ്ക്ക്വാദ് സ്കോർ ചലിപ്പിച്ചു. 14ആം ഓവറിൽ ഫിഫ്റ്റി നേടിയ ഗെയ്ക്ക്വാദ് പിന്നീട് റോയൽ ബൗളർമാരെ നന്നായി പെരുമാറി. 43 പന്തിൽ ആയിരുന്നു ഫിഫ്റ്റി. എന്നാൽ അടുത്ത 50 റൺസ് നേടാൻ 17 പന്തുകൾ മാത്രമാണ് ഗെയ്ക്ക്വാദ് എടുത്തത്. ഇന്നിഗ്‌സിന്റെ അവസാന പന്തിൽ മുസ്തഫിസുറിനെ സിക്സർ പരാതി ഗെയ്ക്ക്വാദ് കന്നി ഐപിൽ സെഞ്ച്വറി നേടി. 9 ഫോറും 5 സിക്സും 60 പന്ത് നീണ്ട ആ ഇന്നിഗ്‌സിൽ ഉണ്ടായി. മോയിൻ അലി 21 റൺസ് നേടി പുറത്തായി. പിന്നാലെ വന്ന റായിഡു 2 റൺസ് എടുത്തു മടങ്ങി. എന്നാൽ അഞ്ചാം വിക്കറ്റിൽ ഇറങ്ങിയ ജഡേജ അവസാന ഓവറുകളിൽ ആഞ്ഞടിച്ചത് സ്കോർ 189ൽ എത്തിച്ചു. രാഹുൽ തെവത്തിയ 3 വിക്കറ്റ് വീഴ്ത്തി.

പതിവിന് വിപരീതമായി ജയ്സ്വാൾ ആണ്  റോയൽസിന് വേണ്ടി ഇത്തവണ വെടിക്കെട്ട് തുടങ്ങിയത്. എവിൻ ലൂയിസിനെ കാഴ്ച്ചക്കാരൻ ആക്കി നിർത്തി ജയ്സ്വാൾ ചെന്നൈ ബൗളർമാർമാരെ പ്രഹരിച്ചു. 19 പന്തിൽ ജയ്സ്വാൾ ഫിഫ്റ്റി തികച്ചു. ഓസി ബൗളർ ജോഷ് ഹാസൽവുഡ് ആണ് നല്ല തല്ല് വാങ്ങിയത്. സ്കോർ 77ൽ നിൽക്കെ 27 റൺസ് എടുത്ത ലൂയിസ് മടങ്ങി. പവർപ്ലേയിൽ 81 റൺസ് ആണ് റോയൽസ് നേടിയത്. 21 പന്തിൽ 50 റൺസ് നേടി ജയ്സ്വാൾ മടങ്ങി. നായകൻ സഞ്ജു സാംസണ് കൂട്ടായി പിന്നീട് ശിവം ദുബെ എത്തി. അതിടെ റോയൽസിന്റെ സ്കോറിങ് നിരക്ക് വീണ്ടും ഉയർന്നു. സഞ്ജുവിനെ ഒരറ്റത്ത് നിർത്തി ദുബെ കളി ഏറ്റെടുത്തു. 31 പന്തിൽ ദുബെ തന്റെ ആദ്യ ഐപിഎൽ അർദ്ധ സെഞ്ച്വറി നേടി. 24 പന്തിൽ 28 റൺസ് നേടി സഞ്ജു പോയെങ്കിലും പിന്നീട് എത്തിയ ഗ്ലെൻ ഫിലിപ്പ്സും ദുബെയും ചേർന്ന് ടീമിനെ എളുപ്പത്തിൽ വിജയിപ്പിച്ചു. ഗെയ്ക്ക്വാദ് ആണ് മാൻ ഓഫ് ദി മാച്ച്.

ഇതോടെ 12 കളിയിൽ നിന്നും 10 പോയിന്റുമായി ആർആർ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്ത് എത്തി. 4 മുതൽ ഏഴ് സ്ഥാനം വരെ ഉള്ള ടീമുകൾക്ക് 10 പോയിന്റ് ആണ് ഉള്ളത്. അതിനാൽ തന്നെ പ്ലേ ഓഫ് സാധ്യത എല്ലാവർക്കും ഒരുപോലെ ഉണ്ട്. ചെന്നൈ, ഡെൽഹി എന്നീ ടീമുകൾ പ്ലേ ഓഫ് ഉറപ്പിച്ചു. 

ശനിയാഴ്ച ആദ്യം നടന്ന കളിയിൽ ഡൽഹി ക്യാപിറ്റൽസ് മുംബൈ ഇന്ത്യൻസിനെ 4 വിക്കറ്റിന് തോൽപ്പിച്ചു. മുംബൈ ഉയർത്തിയ 130 എന്ന വിജയലക്ഷ്യം  അവസാന ഓവറിൽ ഡൽഹി മറികടന്നു. 33 റൺസ് എടുത്ത സൂര്യകുമാർ യാദവ് ആണ് മുംബൈ ടീമിന്റെ ടോപ്പ് സ്‌കോറർ. ഡൽഹിക്ക് വേണ്ടി അക്സർ പട്ടേൽ, ആവേശ് ഖാൻ എന്നിവർ 3 വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഡൽഹിക്ക് ഓപ്പണർമാരെ വേഗം നഷ്ടം ആയി എങ്കിലും നായകൻ പന്തും,(26) ശ്രേയസ് അയ്യരും(33) ചേർന്ന് വിജയ വഴിയിൽ എത്തിച്ചു. ആർ.അശ്വിൻ അവസാന ഓവറിൽ (21 പന്തിൽ 20) ടീമിന്റെ വിജയം ഉറപ്പാക്കി. അക്സർ പട്ടേൽ ആണ് കളിയിലെ താരം.